
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയ്ക്ക് നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുമെന്ന് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിലവിൽ ഒരു ജനറൽ പ്രാക്ടീഷണർ, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ദേശീയാരോഗ്യ കേന്ദ്രം മിഷൻ ഡയറക്ടർ നിയമിച്ചിട്ടുണ്ട്. മരുന്നുകൾ, ലാബ് സേവനങ്ങൾ എന്നിവ കേന്ദ്രത്തിൽ സൗജന്യമായിരിക്കും. പി.എച്ച്.സി മെയിൻ സെന്റർ കൂടാതെ നിശ്ചിത ദൂരപരിധിയിലായി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മൂന്ന് സെന്ററുകളും ആരംഭിക്കും. ഇവിടെ എല്ലാ ദിവസവും ഡോക്ടറുടെ സേവനവും ലഭ്യമാകും. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്ന നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായ പുതിയ കെട്ടിടം അടിയന്തര പ്രാധാന്യം നൽകി നിർമ്മിക്കുമെന്നും ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. വൈസ് ചെയർപേഴ്സൺ പി. റംല മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, സി.എം. മുഹമ്മദ് റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ കെ.കെ ഫൈസൽ തങ്ങൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.