malappuarm

മലപ്പുറം: അവസാന ഗഡുവായ രണ്ടുലക്ഷം രൂപ ലഭിക്കാത്തിനാൽ പ്രകൃതി ദുരന്തങ്ങളിൽ ഇരയായ 225 ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണം പാതിവഴിയിൽ നിലച്ചു. തട്ടുവരെ വാർത്ത വീടുകളുടെ പണി നിലച്ചിട്ട് ഏഴുമാസമായി. ഒരുകൊല്ലം മുമ്പാണ് പണി തുടങ്ങിയത്. ആറുലക്ഷം രൂപയാണ് ഒരു വീട് നിർമ്മിക്കുന്നതിന് നൽകുന്നത്. നാലുലക്ഷം ദുരന്ത നിവാരണ വകുപ്പും രണ്ടുലക്ഷം എസ്.ടി വകുപ്പും. ഇതിൽ എസ്.ടി വകുപ്പിന്റെ ധനസഹായമാണ് വൈകുന്നത്.

ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി വകുപ്പ് കഴിഞ്ഞ ജൂലായിൽ ധനകാര്യവകുപ്പിന് കത്തുനൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. മഴക്കാലത്തിനുമുമ്പെങ്കിലും വീട് പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ആദിവാസി കുടുംബങ്ങൾ. പ്രളയത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് നശിച്ചവരാണിവർ. മലപ്പുറം,​ വയനാട്,​ പാലക്കാട് ജില്ലകളിലുള്ളവരാണ് ഏറെയും. സ്ഥലം വാങ്ങാൻ ആറുലക്ഷം രൂപ അനുവദിച്ചിരുന്നു. 580 ചതുരശ്ര അടിയുള്ള വീടുകളാണ് നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിനുള്ള ധനസഹായം നേരത്തെ നാലു ലക്ഷമായിരുന്നത് പിന്നീട് ആറ് ലക്ഷമായി ഉയർത്തുകയായിരുന്നു.

 ലഭിക്കേണ്ടത് രണ്ടുലക്ഷം രൂപ

സിമന്റ് പൂശൽ, പ്ലമ്പിംഗ്,​ ടൈൽ പതിക്കൽ,​ പെയിന്റിംഗ് തുടങ്ങിയവ പൂർത്തിയാക്കാനാണ് രണ്ടുലക്ഷം രൂപ ലഭിക്കേണ്ടത്. വ്യവസായ വകുപ്പിന് കീഴിലെ സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ് പലയിടങ്ങളിലും വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

'ഫണ്ട് ആവശ്യപ്പെട്ട് ഫിനാൻസ് വകുപ്പിന് പലതവണ കത്തുകൾ കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല".

- എസ്.ടി വകുപ്പ് അധികൃതർ

'ഒന്നാം ഗഡു തന്നെ പല സമയങ്ങളിലാണ് ലഭിച്ചത്. അവസാന ഗഡു അനുവദിക്കുന്നതിൽ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല".

- പി.പി. സുഗതൻ,കവളപ്പാറയിൽ വീട് നിർമ്മാണമേറ്റെടുത്ത സൊസൈറ്റി പ്രസിഡന്റ്