
മലപ്പുറം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഏഴ് ലക്ഷം പേരാണ് കഴിഞ്ഞ നാല് മാസത്തിനിടെ സന്ദർശിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ പ്രവേശന നിരക്കുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള കണക്ക് മാത്രമാണിത്. വനംവകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്ക് കൂടെ കൂട്ടിയാൽ സന്ദർശകരുടെ എണ്ണം ഇനിയും വർദ്ധിക്കും.
2021 സെപ്തംബറിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നെങ്കിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് വീണ്ടും അടച്ചു. നവംബറിലാണ് വീണ്ടും സന്ദർശകർക്കായി തുറന്ന് നൽകിയത്.
സഞ്ചാരികൾക്കായി വിവിധ പദ്ധതികൾ
ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര പറഞ്ഞു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ പദ്ധതിയുണ്ട്. സംസ്ഥാന അതിർത്തിയായ നാടുകാണിയിൽ ആകർഷകമായ പ്രവേശന കവാടവും ഇൻഫർമേഷൻ കേന്ദ്രവും ആരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശനം, പരിപാടികൾ, കോർപറേറ്റ് യോഗങ്ങൾ എന്നിവ നടത്തുന്നതിനുള്ള ഹബായി മലപ്പുറത്തെ മാറ്റും. അതിനായി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും സെക്രട്ടറി പറഞ്ഞു.
സഞ്ചാരി കണക്കുകൾ
(നവംബർ മുതൽ ജനുവരി വരെ)
മലപ്പുറം കോട്ടക്കുന്നിൽ- 4,11,838 പേരെത്തി
പടിഞ്ഞാറേക്കര ബീച്ചിൽ- 62,328
ആഢ്യൻപാറ വെള്ളച്ചാട്ടം കാണാൻ- 41,625.
കുറ്റിപ്പുറം നിളയോരം പാർക്ക്- 46,516
മലപ്പുറം റിവർസൈഡ് പാർക്കിൽ - 21,088
കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജിൽ- 29,932.
സെപ്തംബർ മാസം മാത്രം പ്രവർത്തിച്ച കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാൻ- 7,686 പേരെത്തി