പരപ്പനങ്ങാടി: അത്താണിക്കൽ കോട്ടക്കുന്നിൽ വീടിന് മുന്നിൽ ഇരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ചു കത്തിച്ച കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. ചെട്ടിപ്പടി ആലുങ്കൽ കരണമന്റെ പുരക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഇസ്മയിലാണ് (25 ) അറസ്റ്റിലായത്. സ്‌കൂട്ടർ കത്തിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതി വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻഡിംഗ് സെന്ററിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്‌തിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ട് കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറി അഴിമുഖത്തേക്ക് ചാടി. പാലത്തിൽ നിന്നും അഴിമുഖത്തേക്ക് ചാടിയ പ്രതിയെ ഏകദേശം രണ്ട് മണിക്കൂറിനു ശേഷം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കരയ്ക്ക് കയറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു .
മയക്കുമരുന്നിന് അടിമയായ പ്രതി ഇതിനു മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്. മയക്ക് മരുന്നിന്റെ ലഹരിയിലാണ് സ്‌കൂട്ടർ കത്തിച്ചത് എന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അത്താണിക്കലുള്ള പെട്രോൾ പമ്പിൽ നിന്നും കുപ്പിയിൽ വാങ്ങിയ പെട്രോളാണ് സ്‌കൂട്ടർ കത്തിക്കുവാനായി പ്രതി ഉപയോഗിച്ചത്. പ്രതി പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് നേരത്തേ തന്നെ ശേഖരിച്ചിരുന്നു. പരപ്പനങ്ങാടി എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജയദേവൻ, പൊലീസുകാരായ ഫൈസൽ, സഹദേവൻ, ജിഷോർ, ബിജേഷ്, ജിനേഷ്, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.