
വണ്ടൂർ: കാട്ടുപന്നി ശല്യം രൂക്ഷമായ വണ്ടൂർ കാരാട് കൂവക്കോട്ട്, പെരിന്തൽമണ്ണ, മങ്കട തുടങ്ങിയ സ്ഥലങ്ങളിലെ വേട്ടക്കാരെത്തി പിടികൂടിയത് പത്തോളം പന്നികളെ. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്നാണ് നെല്ലേങ്ങര അലിയുടെ നേതൃത്വത്തിൽ രണ്ട് സംഘം വേട്ടക്കാരെത്തിയത്. കൂവക്കോട്ടുള്ള സ്വകാര്യ വ്യക്തിയുടെ പത്തേക്കർ സ്ഥലം കേന്ദ്രീകരിച്ചാണ് പന്നിക്കൂട്ടം തമ്പടിക്കുന്നത്. സമീപ പ്രദേശങ്ങളിലെ കൃഷികൾ മാത്രമല്ല ആളുകളെ കൂടി പന്നികൾ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വേട്ടക്കാരെ വിളിക്കാൻ തീരുമാനിച്ചത്. അംഗീകൃത തോക്ക് ലൈസൻസുള്ളവരായ ആറ് പേരാണ് വേട്ടക്കിറങ്ങിയത്. പെരിന്തൽമണ്ണ സ്വദേശികളായ വരിക്കത്ത് ദേവകുമാർ, വരിക്കത്ത് ചന്ദ്രൻ തുടങ്ങിയരടങ്ങിയ സംഘമാണ് വേട്ടക്കിറങ്ങിയത്.
നാലുമണിയോടെ ആറോളം വേട്ടനായ്ക്കളുമായി വേട്ടയ്ക്കിറങ്ങിയ സംഘം നേരം ഇരുട്ടിയതോടെ പത്തോളം പന്നികളെ പിടികൂടി വേട്ട അവസാനിപ്പിക്കുകയായിരുന്നു. ഇനിയും ഇവരുടെ സേവനം ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തുമെന്ന് വാർഡംഗം എ. മോഹനൻ പറഞ്ഞു. കൊന്നൊടുക്കിയ പന്നികളെ വനപാലകർക്ക് കൈമാറി. തുടർന്ന് കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം ഇവയെ വനത്തിൽ കുഴിച്ചുമൂടുന്നതാണ് രീതി.