മലപ്പുറം: ബോംബാക്രമണത്തിന്റെയോ തോക്കുകളുടേയോ ശബ്ദം കേൾക്കുമ്പോൾ സുരക്ഷിതമായിരിക്കാൻ ഹോസ്റ്റലിൽ നിന്നും ബങ്കറിലേക്ക് കയറും. ശബ്ദം നിലയ്ക്കുമ്പോൾ തെല്ലൊരു ആശ്യാസത്തിൽ ബങ്കറിൽ നിന്നിറങ്ങും. യുക്രെയിനിലെ വിനിറ്റ്സിയ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇങ്ങനെയാണ് ഹോസ്റ്റലിൽ കഴിയുന്നത്.
നിലമ്പൂർ സ്വദേശി സി.വി സിദ്ധാർത്ഥും നൂറാളെ മലയാളി വിദ്യാർത്ഥികളുമാണ് ഹോസ്റ്റലിൽ ഭീതിയോടെ കഴിയുന്നത്. യുക്രെയിനിൽ നിന്ന് രക്ഷപെടണമെങ്കിൽ വിനിറ്റ്സിയയിൽ നിന്നും 900 കിലോമീറ്റർ അകലെയുള്ള റൊമാനിയൻ അതിർത്തിയിലെത്തണം. എന്നാൽ ഹോസ്റ്റലിൽ നിന്നും അതിർത്തിയിലേക്ക് പോകാനുള്ള സംവിധാനം ഇതുവരെ ഇവർക്ക് സജ്ജമായിട്ടില്ല. ഇന്ത്യൻ എംബസിയെ ചില സമയങ്ങളിൽ ബന്ധപ്പെടാനും ഇവർക്ക് സാധിക്കുന്നില്ല. എങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് റൊമാനിയൻ അതിർത്തിയിലേക്കുള്ള ബസ് സൗകര്യം യൂണിവേഴ്സിറ്റി തന്നെ ഒരുക്കുമെന്ന പ്രതീക്ഷയിലാണിവർ. കഴിഞ്ഞ മൂന്ന് ദിവസമായി ഹോസ്റ്റലിൽ കാര്യമായ രീതിയിൽ ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. പുറത്ത് നിന്ന് വാങ്ങാമെന്ന് വെച്ചാൽ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇന്നലെ ഭക്ഷണം പാകം ചെയ്യുന്ന ആളെത്തി കഞ്ഞിയുണ്ടാക്കി കൊടുത്തിരുന്നു. കീവിൽ നിന്നും 262 കി.മി മാറിയാണ് വിനിറ്റ്സിയ നഗരമുള്ളത്. എത്രയും പെട്ടെന്ന് റൊമാനിയയിലെത്തി ഇന്ത്യയിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണിവർ.
സുരക്ഷിത കേന്ദ്രം തൊട്ടരികെ,
പോളണ്ട് അതിർത്തി ലക്ഷ്യമാക്കി ആദിലും സുഹൃത്തുക്കളും
യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ ബോംബാക്രമണം ആരംഭിക്കും മുമ്പേ കീവിൽ നിന്നും മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ആദിലും സുഹൃത്തുക്കളും. ഇവരുടെ കാറിൽ ഇന്ധനം തീരെ കുറവായിരുന്നു.
കീവിലെ പെട്രോൾ പമ്പുകൾ അടച്ചതോടെ സുരക്ഷിത സ്ഥലമായ പോളണ്ട് അതിർത്തിയിലേക്ക് എങ്ങനെ എത്താനാവുമെന്ന ആശങ്കയിലായിരുന്നു ഇവർ. കീവിൽ നിന്നും 546 കി.മി അകലെയാണ് അതിർത്തിയായ ലെവീവുള്ളത്.
ഇന്നലെ കാറുമായി റോഡിലിറങ്ങുകയും പോളണ്ടിലേക്കുള്ള വഴിയിലെ പലയിടങ്ങളിൽ നിന്നുമായി പെട്രോൾ ശേഖരിക്കുകയുമായിരുന്നു. ഏറ്റവും അവസാനമായി വിളിച്ചപ്പോൾ സംഘം പോളണ്ട് അതിർത്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കീവിലെ അപ്പാർട്ട്മെന്റിലായിരുന്നു സംഘം താമസിച്ചിരുന്നത്. യുദ്ധം ആരംഭിച്ച ദിവസം വൈകീട്ടോടെ മെട്രോയിലെ സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. ഇടയ്ക്ക് വെടിയൊച്ചകൾ കേട്ടെങ്കിലും ധൈര്യം കൈവെടിഞ്ഞില്ല. ഭക്ഷണവും വെള്ളവും മാർക്കറ്റുകൾ അടക്കും മുമ്പേ ശേഖരിച്ചതും ആശ്വാസമായി. അതിർത്തിയിൽ ജനത്തിരക്ക് കാരണം ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ നിന്ന് ഇന്ത്യയിലേക്കെത്താനുള്ള അടുത്ത മാർഗത്തിനായി കാത്തിരിക്കുകയാണിവർ.
എട്ട് കിലോമീറ്റർ അകലെ റൊമാനിയ
യുക്രെയിനിലെ ടെർണോപിൽ യൂണിവേഴ്സിറ്റിലെ മൂന്നാംവർഷ എം.ബി.ബി.എ.സ് വിദ്യാർത്ഥിയായ വണ്ടൂർ സ്വദേശി ബാസിതും കൂടെയുള്ള 38 മലയാളി വിദ്യാർത്ഥികളും ഇന്നലെ റൊമാനിയൻ അതിർത്തിയിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ 11.30ന് യൂണിവേഴ്സിറ്റിയിൽ നിന്നും ബസ് മാർഗമാണ് ഇവർ റൊമാനിയയിലേയ്ക്ക് തിരിച്ചത്. അതിർത്തിക്ക് എട്ട് കിലോമീറ്റർ പിറകെയാണ് വാഹനം നിറുത്തുക. അവിടെ നിന്നും എട്ട് കിലോമീറ്റർ നടന്ന് വേണം അതിർത്തിയിലെത്താൻ. ആവശ്യമായ ഭക്ഷണവും വെള്ളവുമെല്ലാം കൈയ്യിൽ കരുതിയിട്ടുണ്ട്. അതിർത്തികളിൽ ഒരുപാട് നേരം തങ്ങേണ്ടി വന്നാൽ കഠിനമായ തണുപ്പിനെയും അതിജീവിക്കണം. ഇതുവരെ അയച്ച വിമാനങ്ങളിൽ കയറാനുള്ള ലിസ്റ്റിലൊന്നും ഇവരുടെ പേരുകളില്ല. ഇനി വരുന്ന വിമാനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.