p

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ 33 ദിവസം മാത്രം ശേഷിക്കെ തദ്ദേശസ്ഥാപനങ്ങൾ വികസന പദ്ധതികൾക്കായി ചെലവഴിക്കേണ്ടതിന്റെ പകുതിയോളം തുക ബാക്കി. 2,844 കോടി രൂപയാണ് ചുരുങ്ങിയ നാൾക്കകം ചെലവഴിക്കേണ്ടത്.

എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും കുറവാണ് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. താത്കാലികാടിസ്ഥാനത്തിൽ നിയമിതരായ എൻജിനിയർമാരുടെ ബില്ലുകൾ ട്രഷറികളിൽ പാസാക്കിയിരുന്നില്ല. ഭരണസമിതികളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് താത്കാലിക എ.ഇമാരെ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്.

ലൈഫ് മിഷൻ പദ്ധതിയുടെ സർവേ ഫെബ്രുവരി 28നകം പൂർത്തിയാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. തദ്ദേശ-കൃഷി വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ മൂലം സർവേക്ക് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെ വിട്ടുനൽകിയിരുന്നില്ല. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി ജനുവരിയിലാണ് സർവേ തുടങ്ങിയത്. ഇതും പദ്ധതി പ്രവർത്തനങ്ങളുടെ വേഗം കുറച്ചു.

പ്രശ്നം കലുഷം, വേണം മാറ്റം

തൊട്ടടുത്തെ വർഷത്തെ വികസന പദ്ധതികൾ രൂപീകരിക്കുന്ന പ്രക്രിയ ഡിസംബർ ആദ്യവാരം ആരംഭിച്ച് മാർച്ചോടെ പൂർത്തിയാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നിർവ്വഹണം ആരംഭിക്കാൻ ലക്ഷ്യമിട്ടായിരുന്നു സർക്കാരിന്റെ ഈ നടപടി. എന്നാൽ, സമയബന്ധിതമായി പദ്ധതി നടപ്പാക്കാതെ അവസാനത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണത തദ്ദേശസ്ഥാപനങ്ങളിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് നല്ലൊരു പങ്ക് തുകയും ചെലവഴിക്കുക. ഇക്കാലയളവിൽ അടുത്ത വർഷത്തേക്കുള്ള പദ്ധതി രൂപീകരണവും നടത്തണം. ജോലി ഭാരത്തിന്റെയും സമയ പരിധിയുടെയും മറവിൽ ഇതെല്ലാം പേരിനു മാത്രമാവുമ്പോൾ തനത് പദ്ധതികൾക്ക് രൂപമേകാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയുന്നില്ല.

 അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്

2021-22ലേക്ക് മാറ്റിവച്ചത് - 6,548 കോടി

ചെവഴിച്ചത് 3,704 കോടി - 56.57 %

ചെലവഴിക്കാനുള്ളത് 2,844 കോടി - 43.43 %

കഴിഞ്ഞ വർഷം ഇതേസമയം ചെലവഴിച്ചത് - 62.11 %

ഇത്തവണ നവംബർ വരെ ചെലവഴിച്ചത് -- 28.86 %