students
കരിപ്പൂർ എയർപോർട്ടിൽ വിദ്യാ‌ർത്ഥികളെത്തിയപ്പോൾ

ജന്മദിനത്തിൽ പുതുജന്മം പിറന്നു

മലപ്പുറം: തന്റെ ജന്മദിനത്തിൽ പുതുജന്മം പിറന്നതിന്റെ ആനന്ദത്തിലാണ് പരപ്പനങ്ങാടി സ്വദേശി സി.പി സനം. യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് 26ന് മുംബൈയിലെത്തുമ്പോൾ സനം സി.പിക്ക് തന്റെ 22ാം ജന്മദിനത്തിനൊപ്പം ലഭിച്ചത് പുതുജന്മം കൂടെയാണ്. തെല്ലൊരു പുഞ്ചിരി മുഖത്ത് വിടർന്നെങ്കിലും യുക്രെയിനിൽ കുടുങ്ങികിടക്കുന്ന തന്റെ കൂട്ടുകാരുടെ മുഖമോർത്തപ്പോൾ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. ഇന്ത്യൻ വിദ്യാർത്ഥികളുമായി റൊമാനിയയിൽ നിന്നും ഇന്ത്യയിലേക്ക് പറന്ന എയർ ഇന്ത്യ ‌ഡ്രീം ലൈനർ വിമാനത്തിലാണ് സി.പി സനയും(22),സഹപാഠികളായ കോട്ടക്കൽ കുറുകത്താണി സ്വദേശി തൻസീഹ സുൽത്താന( 23),കുറ്റിപ്പുറം സ്വദേശി അമർ സിദ്ധീഖ് (24),കോട്ടക്കൽ കോഴിച്ചെന സ്വദേശി ഫാത്തിമ കുലൂദ(23) എന്നിവർ കരിപ്പൂർ എയർപോർട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് നാല് പേരും വീടുകളേക്ക് മടങ്ങിയത്. യുക്രെയിനിലെ ചെർണിവിക്സിയിലെ ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിലാണ് (ബി.എസ്.എം.യു) നാല് പേരും പഠിച്ചിരുന്നത്. സി.പി സനം മൂന്നാം വർഷ വിദ്യാ‌ർത്ഥിയും, അമർ ആറാംവർഷവും,ഫാത്തിമ കുലൂദ അഞ്ചാം വർഷവും, തൻസീഹ സുൽത്താന നാലാം വർഷവുമാണ് പഠിക്കുന്നത്. യുക്രെയിനിനോട് വല്ലാത്ത സ്നേഹമായിരുന്നെന്നും പഴയപോലെ യുക്രെയിനിനെ ഇനി തിരിച്ചുകിട്ടുമോ എന്നതും ഇവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 24ന് പുലർച്ചെ റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ തന്നെ ഇവരെ യുക്രെയിനിലെത്തിച്ച ഏജൻസിയിലെ ഡോ.സുനിൽ ശർമ്മ നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു. ആദ്യം പുറപ്പെട്ട ‌ഡ്രീം ലൈനർ വിമാനത്തിൽ 240 പേർക്കായിരുന്നു അവസരമുണ്ടായിരുന്നത്. ഇതിൽ ഒന്നാമത്തെ പേര് സനം സി.പിയുടേതായിരുന്നു. യുക്രെയിനിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടന്നെങ്കിലും ബി.എസ്.എം.യു യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായില്ലെന്ന് ഫാത്തിമ പറഞ്ഞു. അതു കൊണ്ടുതന്നെ വേഗത്തിൽ റൊമാനിയൻ അതിർത്തിയിലേക്ക് എത്താനും സാധിച്ചു. എങ്കിലും ഇനി അവിടെ എന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയും ഇവർക്ക് മനസിലുണ്ട്.

ഞങ്ങളെ പൊന്നുപോലെ സംരക്ഷിച്ചു

ജീവിതത്തിൽ ഇത്രയും വലിയ സംരക്ഷണമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് സനവും,ഫാത്തിമയും ആവർത്തിച്ച് പറയുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് 25ന് ഉച്ചയോടെയാണ് റൊമാനിയൻ അതിർത്തിയിലേക്ക് 240 വിദ്യാർത്ഥികളുമായി എട്ട് ബസുകൾ യാത്ര ആരംഭിച്ചത്. രണ്ട് ട്രിപ്പുകളായിട്ടായിരുന്നു ഇത്രയും വിദ്യാർത്ഥികളെ അതിർത്തിയിലേക്ക് എത്തിച്ചത്. ഇന്ത്യൻ എംബസിയുടെ നിർദ്ദേശ പ്രകാരം യൂണിവേഴ്സിറ്റി തന്നെയാണ് ബസ് സൗകര്യം ഒരുക്കിയത്. കോളേജിൽ നിന്ന് 30 കിലോ മീറ്റർ ആയിരുന്നു അതിർത്തിയിലേക്കുള്ള ദൂരം. വൈകിട്ട് 3.15 ഓടെ യുക്രെയിൻ-റൊമാനിയൻ അതിർത്തിയിലെത്തി. ബസിന്റെ മുൻവശത്ത് ഇന്ത്യയുടെ ഫ്ലാഗിനൊപ്പം,ഇന്ത്യൻ വിദ്യാർത്ഥികളാണ് ബസിലുള്ളതെന്നും എഴുതിവച്ചിരുന്നു. ബസുകൾക്ക് മുന്നിലും പിന്നിലുമായി യുക്രെയിൻ പൊലീസിന്റെ എസ്കോട്ട് സുരക്ഷയും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഫ്ലാഗ് കണ്ടാൽ റഷ്യൻ സൈന്യം ആക്രമിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു യാത്ര. ഒരുമണിക്കൂറിനകം യുക്രെയിൽ - റൊമാനിയൻ അതിർത്തിയിൽ എത്തിയെങ്കിലും അഞ്ച് മണിക്കൂറോളം അതിർത്തിയിൽ തങ്ങേണ്ടി വന്നു. റൊമാനിയൻ സർക്കാർ അതിർത്തിയിൽ ഉള്ളവർക്കായി നിറയെ ഭക്ഷണങ്ങൾ കരുതിയിരുന്നു. അതിർത്തിയിലേക്ക് ഇന്ത്യൻ എംബസി അയച്ച ബസിൽ 50 കിലോമീറ്റർ സഞ്ചരിച്ചാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയത്. അവിടെ നിന്നും മുംബൈയിലേക്ക് എയർഇന്ത്യ വിമാനം 26ന് രാവിലെ ഒമ്പതോടെ പുറപ്പെട്ടു. രാത്രിയോടെ മുംബൈയിൽ എത്തിയപ്പോൾ നോർക്ക ഉദ്യോഗസ്ഥരും മുംബൈയിലെ എം.പിമാരും ചേർന്ന് സ്വീകരിച്ചു. നിങ്ങൾക്ക് എല്ലാ സൗകര്യവും ഒരുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മുംബൈയിൽ സ്വീകരിക്കാനെത്തിയ എം.പിമാർ വിദ്യാർത്ഥികളോട് പറഞ്ഞു. പിന്നീട് അതാത് സംസ്ഥാനത്തുള്ളവർ അവരുടെ സർക്കാർ അയച്ച ആളുകൾക്കൊപ്പം യാത്ര തിരിച്ചു.

മലയാളി വിദ്യാർത്ഥികൾ നോർക്ക ഉദ്യോഗസ്ഥരോടൊപ്പം കേരള ഹൗസിലെത്തി. അവിടെ നിന്ന് സദ്യയടക്കമുള്ള സ്വാദിഷ്ഠമായ ഭക്ഷണങ്ങളും ലഭിച്ചു. രാവിലെ ഇഡ്ലിയും സാമ്പാറുമായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം 27ന് രാവിലെ 10.50ന്റെ വിമാനത്തിൽ കയറി. ഉച്ചയ്ക്ക് 1.15ഓടെ കരിപൂർ എയർപോർട്ടിൽ എത്തി. മുഴുവൻ ചിലവുകളും വഹിച്ചത് കേരള സർക്കാരും കേന്ദ്ര സർക്കാരുമാണെന്നും വളരെയധികം നന്ദിയുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഞങ്ങളുടെ രണ്ടാമത്തെ വീടാണ് യുക്രെയിൻ

കഴിഞ്ഞ അഞ്ച് വർഷമായി യുക്രെയിനോടുള്ളത് വലിയ ആത്മബന്ധമാണെന്നാണ് ഫാത്തിമ കുലൂദ പറയുന്നത്. യുക്രെയിൻ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. യുക്രെയിനിനെ ഇനി തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് സി.പി സനമുള്ളത്. അമ്മയ്ക്കും അച്ചനും ഞങ്ങൾ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെങ്കിലും മറ്റു കുട്ടികളുടെ കാര്യത്തിൽ അവർ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങൾ നാട്ടിലെത്തിയ സന്തോഷം മാദ്ധ്യമങ്ങളിൽ കാണുമ്പോൾ അവിടെ കുടുങ്ങി കിടക്കുന്നവരുടെ മാതാപിതാക്കൾ വിഷമിക്കുന്നുണ്ടാവും. അവരെയും നമുക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ സാധിക്കണമെന്നും ഫാത്തിമ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ് യൂണിവേഴ്സിറ്റിലേക്ക് തന്നെ തിരിച്ചെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ അദ്ധ്യാപകരെല്ലാം യുക്രെയിനിലുള്ളവരാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നാണ് പ്രാർത്ഥന.