മലപ്പുറം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫിസിക്സ് പഠിക്കാനായി പുതിയ പഠന തന്ത്രം ആവിഷ്‌കരിക്കുകയാണ് നിലമ്പൂർ ഗവൺമെന്റ് മാനവേദൻ വി.എച്ച്.എസ് സ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ സുരേഷ്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ കടലാസ് പാവകളിലൂടെ പത്താംക്ലാസ് ഫിസിക്സിലെ പ്രധാന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും പ്രധാന ആശയങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് ഫിസിക്സ് ആശയങ്ങളെ കടലാസ് പാവകൾ സംസാരിക്കുന്ന രീതിയിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പാവകളുടെ ബാക്ക് ഗ്രൗണ്ടായി ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡറി ലെവൽ ഫിസിക്സിനെ ഏറ്റവും ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി മുൻ വർഷങ്ങളിൽ ചിത്രകഥകളായും ചെറുകഥകളായും കവിതകളായും ഡിജിറ്റൽ ക്ലാസുകളായും ഒമ്പത്, പത്ത് ക്ലാസിലെ കേരള സ്റ്റേറ്റ് എസ്.സി.ആർ.ടി പാഠപുസ്തകത്തെ അനുരൂപീകരണം നടത്തിയിട്ടുണ്ട്. ആർക്കും തയ്യാറാക്കാവുന്ന സീറോ കോസ്റ്റ് ടീച്ചിംഗ് സാമഗ്രികൾ വിദ്യാർത്ഥികൾക്കായി ഒരുക്കാനാണ് ഈ അദ്ധ്യാപകൻ ഓരോ വർഷവും ഇത്തരത്തിലുള്ള പരിപാടികൾ ആവിഷ്‌കരിക്കുന്നത്. നിലമ്പൂർ ചക്കാലകുത്ത് സ്വദേശിയാണ് സുരേഷ്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ഇത് ലഭ്യമാകും.