
ഒറ്റപ്പാലം: നാവികസേനയിൽ റിയർ അഡ്മിറൽ പദവി സ്വന്തമാക്കി ഒറ്റപ്പാലം സ്വദേശി പ്രവീൺ അമ്പലക്കാട്ട്. മനിശ്ശേരി അമ്പലക്കാട്ട് രാംമോഹന്റെയും ചെമ്പോളി നിർമ്മലയുടെയും മൂത്തമകനാണ് പ്രവീൺ. റിയർ അഡ്മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ നാവിക ആസ്ഥാനത്ത് നാവികസേനയുടെ അസിസ്റ്റന്റ് ചീഫ് (പോളിസി ആൻഡ് പ്ലാൻസ്) ആയി പ്രവീൺ കഴിഞ്ഞ ദിവസം ചുമതലയേറ്റു. ഡൽഹിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് മുമ്പ്, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പലും വിമാനവാഹിനിക്കപ്പലുമായ ഐ.എൻ.എസ് വിക്രമാദിത്യയുടെ കമാൻഡുമായിരുന്നു പ്രവീൺ. സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റായ ദീപയാണ് ഭാര്യ. ഒരു മകനുണ്ട്.