
അഗളി: സബ് കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില നൽകി അഗളി വില്ലേജിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെട്ടു വരുന്ന ഗൂളിക്കടവ്, നക്കുപ്പതി, കാവുണ്ടിക്കൽ പ്രദേശങ്ങളിലായി മല ഇടിച്ചു നിരത്തൽ വ്യാപകം. ഹിറ്റാച്ചി ഉപയോഗിച്ചാണ് മലകൾ ഇടിച്ച് നിരത്തുകയും റോഡുകൾ നിർമ്മിക്കുകയും ചെയ്യുന്നത്.
2018- 19ലെ പ്രളയകാലത്ത് അഗളി വില്ലേജിലെ ഈ പ്രദേശങ്ങളെ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് 46 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. 2019ൽ ഗൂളിക്കടവ് മല പ്രദേശം ഇടിച്ചു നിരത്തൽ ആരംഭിച്ചപ്പോൾ അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകുകയും സ്ഥലത്ത് പുല്ല്, മുള എന്നിവ വെച്ചുപിടിപ്പിക്കാൻ കർശന ഉത്തരവ് നൽകിയതുമാണ്. എക്കോ സെൻസിറ്റീവ് മേഖലകളിൽ ജിയോജളിക്കൽ ആൻഡ് മൈനിംഗിന്റെ അനുമതി ആവശ്യമെന്നിരിക്കെ അധികൃതരുടെ മൗനസമ്മതത്തോടെയാണ് ഇത് നടക്കുന്നത്തെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പരാതി സമർപ്പിച്ചു
ഗുളിക്കടവ് പ്രദേശത്ത് ആറ് ഹെക്ടറിലായുള്ള പ്രവർത്തി താഴ്ഭാഗത്തുള്ള ആദിവാസി ഊരിനും ജനവാസ കേന്ദ്രങ്ങൾക്കും വൻ ഭീഷണിയാണ്. ഇത് സംബന്ധിച്ച് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസർക്ക് ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് അംഗമായ അഗളിയിലെ അഭിലാഷ് പരാതി സമർപ്പിച്ചിട്ടുണ്ട്.
ഉത്തരവിനു പുല്ലുവിലയാണ് നൽകുന്നത്. നാലു തവണകളായി തുടർച്ചയായി കോടതിവിധി പോലും മറികടന്നാണ് ഭൂമാഫിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ഇടിച്ചു നിരത്തുന്നത്.
ജി.രാധാകൃഷ്ണ കുറിപ്പ്, പരിസ്ഥിതി പ്രവർത്തകൻ.