black-rice

വടക്കഞ്ചേരി: നെല്ലറയുടെ നാട്ടിൽ മണിപ്പൂരി ബ്ലാക്ക്റൈസ് വിളവ്. മണിപ്പൂരിലെ പരമ്പരാഗത നെല്ലിനമാണ് ചക് ഹാവോ എന്ന ബ്ലാക്ക് റൈസ്. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പാടശേഖരത്തിലെ കർഷകനായ പി.അനിൽകുമാറാണ് ഔഷധഗുണമുള്ള ഈ നെല്ല് കൃഷി ചെയ്തത്. നെല്ലിന്റെ സവിശേഷത വായിച്ചറിഞ്ഞ അനിൽകുമാർ ഓൺലൈൻവഴി കിലോഗ്രാമിന് 400 രൂപ നിരക്കിൽ രണ്ട് കിലോ വിത്ത് വാങ്ങി 10 സെന്റ് സ്ഥലത്ത് വിതച്ചു. വടക്കഞ്ചേരി കൃഷിഭവന്റെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്. വൈറ്റമിൻ ഇ, ഇരുമ്പ് ആന്റി ഓക്‌സൈഡുകൾ എന്നിവ ബ്ലാക്ക് റൈസിൽ ധാരാളമടങ്ങിയിട്ടുണ്ട്.
കതിർ വരുമ്പോൾ ഇളം വയലറ്റ് നിറവും പകമാകുമ്പോൾ കറുപ്പുനിറവുമാണ് അരിക്ക്. കിലോഗ്രാമിന് 200 രൂപ മുതൽ 300 രൂപ വരെ വിലയുണ്ട്. 120 ദിവസം കൊണ്ട് നല്ല വിളഞ്ഞ് മുപ്പെത്തി. ഏക്കറിന് 1200-1500 കിലോ വരെ വിളവ് ലഭിക്കുന്ന ഇനമാണിത്. ചെടിക്ക് ഉയരക്കൂടുതലുള്ളതിനാൽ രണ്ടാം വിളക്കാണ് അനുയോജ്യം.

ഗുണങ്ങൾ
കാൻസർ, പ്രമേഹം, രക്തസമ്മർദം, സന്ധിവാദം, അലർജി, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവ തടയാനും ബ്ലാക്ക് റൈസിന് കഴിയുമെന്ന് വടക്കഞ്ചേരി കൃഷി ഓഫീസർ സ്വാതി സുഗതൻ, കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത്ത് എന്നിവർ പറഞ്ഞു.