city-gas

പാചക വാതകത്തിന് നാൾക്കുനാൾ വില ഉയരുകയാണ്. അടുക്കളകളിൽ വിറകടുപ്പുകൾ തിരിച്ചുവരുമോ എന്നുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോഴും കേരളത്തിന്റെ അഭിമാനമായ സിറ്റി ഗ്യാസ് ലൈൻ പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് ഉറപ്പ് പറയാനാകാതെ അധികൃതർ. നിലവിലുള്ളതിന്റെ 30ശതമാനം കുറഞ്ഞ വിലയിൽ പ്രകൃതിവാതകം അടുക്കളയിലെത്തിക്കാനുള്ള സിറ്റി ഗ്യാസ് ലൈൻ പദ്ധതി പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം (പി.എൻ.ജി) പൈപ്പുകളിലൂടെ അടുക്കളകളിൽ എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചിട്ട് ആറ് വർഷമാകുമ്പോഴും സംസ്ഥാനത്ത് നാളിതുവരെ നൽകിയത് 4,500 ഗാർഹിക കണക്ഷൻ മാത്രം. എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലെ ചില വാർഡുകളിൽ മാത്രമായി ഒതുങ്ങുകയാണ് നമ്മുടെ 'അടുക്കള വാതക' വിപ്ലവം.

എറണാകുളം ഒഴികെ ഒരു ജില്ലയിലും കണക്‌ഷൻ നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷം കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കണക്‌ഷൻ നൽകി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, പദ്ധതി വ്യാപകമാക്കാൻ 2023 വരെ കാത്തിരിക്കേണ്ടിവരും. വാതക വിതരണത്തിനുള്ള മെയിൻ ഗ്രിഡ് സ്ഥാപിക്കൽ, സ്റ്റേഷനുകളുടെ നിർമ്മാണം തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മറ്റ് ജില്ലകളിൽ 2023ൽ കണക്‌ഷൻ നൽകാനാകും. എറണാകുളത്ത് അടുത്ത മാർച്ചിനകം 5500 കണക്‌ഷൻ കൂടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡ് ഗ്രൂപ്പ് അധികൃതർ.

എന്താണ് ദ്രവീകൃത പ്രകൃതി വാതകം?

വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജിയേക്കാൾ അപകടസാദ്ധ്യത കുറഞ്ഞ വാതകമാണ് പി.എൻ.ജി. വായുവിനേക്കാൾ ഭാരം കുറവായതിനാൽ ചോർച്ചയുണ്ടായാൽ എൽ.പി.ജി പോലെ മുറിക്കുള്ളിൽ തങ്ങിനിൽക്കാതെ മുകളിലേക്കു പോകും. അതിനാൽ തീപിടിത്തത്തിനുള്ള സാദ്ധ്യതയും കുറവാണ്. കൂടാതെ എൽ.പി.ജിയെക്കാൾ 30 ശതമാനം വരെ ചെലവും കുറവ്.

എങ്ങനെ കണക്‌ഷനെടുക്കാം?

പൈപ്പുകൾ സ്ഥാപിച്ച് ഗ്യാസ് വിതരണത്തിന് തയ്യാറായാൽ കമ്പനി പ്രതിനിധികൾ വീടുകളിൽ നേരിട്ടെത്തി അപേക്ഷ വാങ്ങും. കണക്‌ഷനെടുക്കുന്ന ഓരോ വീടുകളിലും വാൽവും അതിനോടു ചേർന്നു മീറ്ററും സ്ഥാപിക്കും. മീറ്ററിൽ രേഖപ്പെടുത്തുന്ന ഗ്യാസിന്റെ അളവിന് അനുസരിച്ചുള്ള പണം മാത്രം അടച്ചാൽ മതി. നിലവിൽ ഉപയോഗിക്കുന്ന എൽ.പി.ജി സ്റ്റൗവിൽ 100 രൂപയുടെ ലഘു ഉപകരണം ഘടിപ്പിച്ചാൽ പി.എൻ.ജി ഉപയോഗിക്കാം.

കഞ്ചിക്കോട്ടുകാർ ഇനിയും കാത്തിരിക്കണം

സിറ്റി ഗ്യാസ് ലൈൻ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ നഗരമായ കഞ്ചിക്കോട് എത്താൻ ഇനിയുമേറെ കാത്തിരിക്കണം. കഞ്ചിക്കോട് വ്യവസായ മേഖലയിൽ 2021 ഡിസംബറോടെ ഗ്യാസെത്തിക്കുമെന്നാണു നേരത്തെ ഉറപ്പ് നൽകിയിരുന്നത്. പക്ഷേ, അടുത്ത മാസം അവസാനത്തോടെ മാത്രമേ മേഖലയിലേക്ക് ഗ്യാസ് വിതരണം ചെയ്യാൻ കഴിയുകയുള്ളൂ. അതിനു ശേഷമാണ് പാലക്കാട് നഗരത്തിൽ പദ്ധതി ആരംഭിക്കുക. അടുക്കളകളിൽ പാചകവാതകമായും (പി.എൻ.ജി) വാഹന ഇന്ധനമായും (സി.എൻ.ജി) പ്രകൃതിവാതകം ലഭ്യമാക്കുന്ന പദ്ധതി കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് വൈകിയത്.

സിറ്റി ഗ്യാസ് പദ്ധതിക്കായി ഗെയ്ലിൽ നിന്നു ഗ്യാസ് ലഭിക്കുന്ന കനാൽ പിരിവിലെ മെയിൻ സ്റ്റേഷന്റെ നിർമ്മാണം 90ശതമാനം പൂർത്തിയായി. ചില അനുമതികൾ കൂടി ലഭിക്കുന്നതോടെ ഫെബ്രുവരിയിൽ പദ്ധതി കമ്മിഷൻ ചെയ്യാനാകും. വ്യവസായ മേഖലയിൽ അഞ്ചുകിലോമീറ്റർ നീളത്തിൽ വിതരണക്കുഴലുകൾ സ്ഥാപിച്ചു. 600 മീറ്റർ പൈപ്പ് കൂടി ഇനി സ്ഥാപിക്കാനുണ്ട്. മാർച്ച് മാസത്തിൽ വ്യവസായ മേഖലയിൽ കണക്‌ഷൻ നൽകാൻ കഴിയുമെന്നാണു പ്രതീക്ഷ. പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ ആയിരത്തോളം വീടുകളിൽ കണക്‌ഷൻ നൽകും. ഇതിനുശേഷം പാലക്കാട് നഗരത്തിൽ പൈപ്പിടൽ പ്രവൃത്തികൾ ആരംഭിക്കും. മണ്ണിൽ ഒരു മീറ്റർ ആഴത്തിലാണു ഗ്യാസ് പൈപ്പുകൾ കുഴിച്ചിടുക. കഞ്ചിക്കോടു നിന്നു ചന്ദ്രനഗർ വരെ ദേശീയപാതയുടെ സമീപത്തുകൂടെയും നഗരത്തിൽ മരാമത്തു റോഡുകൾക്കു സമീപത്തു കൂടെയുമാകും പൈപ്പ്‌ ലൈൻ കടന്നുപോവുക. കുറഞ്ഞ വില, പരിസ്ഥിതി സൗഹൃദം, കുറഞ്ഞ അപകടസാദ്ധ്യത, 24 മണിക്കൂർ ലഭ്യത എന്നിവയാണു പി.എൻ.ജിയുടെ നേട്ടങ്ങൾ.

മാർച്ചോടെ 16 സി.എൻ.ജി സ്റ്റേഷനുകൾ

വാഹനങ്ങൾക്കുള്ള സി.എൻ.ജി ഇന്ധനം ലഭിക്കുന്ന 16 സ്റ്റേഷനുകൾ ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി മാർച്ച് മാസത്തോടെ പൂർണ സജ്ജമാകും. കുന്നത്തൂർമേട്, കല്ലേക്കാട്, കൂറ്റനാട്, ആലത്തൂർ എന്നിവിടങ്ങളിൽ നിലവിൽ സ്റ്റേഷനുകളുണ്ട്. വാണിയംകുളം, ചെർപ്പുളശ്ശേരി, വടക്കഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണു മറ്റു സ്റ്റേഷനുകൾ സ്ഥാപിക്കുക.

ഗെയ്ൽ പൈപ്പ് ലൈൻ തമിഴ്നാട്ടിലെത്തി

ഗെയ്ൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വാളയാറിൽ നിന്നു കോയമ്പത്തൂരിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. വാളയാറിൽ നിന്നു കോയമ്പത്തൂരിനടുത്തെ പീച്ചന്നൂരിൽ 12 കിലോമീറ്റർ നീളുന്ന പൈപ്പ് ലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി വാതകം കുറഞ്ഞ മർദ്ദത്തിൽ നിറച്ചു. ഈ പൈപ്പ്‌ലൈനിന്റെ അഞ്ച് കിലോമീറ്റർ കേരളത്തിലും ബാക്കി തമിഴ്നാട്ടിലുമാണ്.

കൂറ്റനാടു മുതൽ വാളയാർ വരെ നീളുന്ന പൈപ്പ് ലൈനിന്റെ (94 കിലോമീറ്റർ) സാങ്കേതിക നിർമ്മാണം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായിരുന്നു. ദി പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാൽ ഉടൻ കമ്മിഷൻ ചെയ്യും. ഇതോടെ പൈപ്പ് ലൈനിൽ ഉയർന്ന മർദ്ദത്തിൽ ഗ്യാസ് നിറച്ച് എത്തിക്കാനാകും. പാലക്കാട്ടെ ഗ്യാസ് വിതരണം അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണെങ്കിൽ കോയമ്പത്തൂരിലേക്കുള്ള ഗ്യാസ് വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷനാണ്.

കൊച്ചിയിൽ നിന്നു തുടങ്ങുന്ന ഗെയ്ൽ വാതക പൈപ്പുകളുടെ പ്രധാന നിയന്ത്രണ കേന്ദ്രം പാലക്കാട് ജില്ലയിലെ കൂറ്റനാടാണ്. ഇവിടെ നിന്നാണു ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും പൈപ്പ് ലൈനുകൾ പോകുന്നത്. കൂറ്റനാടിനടുത്തെ പല്ലൂർ, വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ വഴിയാണു പൈപ്പ് ലൈൻ വാളയാറിലെത്തുന്നത്. വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ, വാളയാർ എന്നിവിടങ്ങളിൽ ഗ്യാസ് സ്റ്റേഷനുകളും ഉണ്ട്.