paddy

പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണം ആരംഭിച്ച സാഹചര്യത്തിൽ നെല്ലിന്റെ സംഭരണ വില ഉയർത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന സർക്കാർ നെല്ലിന്റെ വില വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ഇടയ്ക്കുവച്ച് കിലോഗ്രാമിന് 72 പൈസ വർദ്ധിപ്പിക്കുകയുണ്ടായി. ഇതടക്കം നെല്ലിന്റെ വില 28.72 രൂപ നൽകുമെന്ന് കേരള ഭക്ഷ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായെങ്കിലും നടപ്പിലായില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനയെ തുടർന്ന് ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടകയിൽ ഗണ്യമായ വർദ്ധനവുണ്ടായി.

രാസവളങ്ങളുടെ വില കർഷകന് താങ്ങാനാവാത്ത വിധമായിരിക്കുകയാണ്. കർഷക തൊഴിലാളികളുടെ വേതനവും വർദ്ധിച്ചു. പൊതുവെ നെല്ലിന്റെ ഉല്പാദന ചെലവ് മുൻ കാലങ്ങളെ അപേക്ഷിച്ച് ഏറെ വർദ്ധിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഈ സീസൺ മുതൽ നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപ ആക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ.രാമദാസ്, ദേവൻ ചെറാപ്പൊറ്റ, കെ.എ.രാമകൃഷ്ണൻ, എസ്.സുഗതൻ, ആർ.ജയപ്രകാശ്, കെ.സജിത് കുമാർ എന്നിവർ പങ്കെടുത്തു.