gold

പാലക്കാട്‌: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. ഹാട്ടിയ- എറണാകുളം എ.സി എക്സ്പ്രസിലാണ് രേഖകളില്ലാതെ ബാഗിന്റെ രഹസ്യഅറയിൽ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 1.224 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിൽ ഗുഡിവാട സ്വദേശി സംഘറാം (48) എന്നയാളെ പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പിടികൂടി. അയൽ സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളിൽ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘറാം. ഇതിനുമുമ്പും നിരവധി തവണ സ്വർണം രേഖകളില്ലാതെ കൊണ്ടുവന്ന് വില്പന നടത്തിയിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ മൊഴി നൽകി. പിടിച്ചെടുത്ത സ്വർണവും പ്രതിയെയും പാലക്കാട് ജി.എസ്.ടി ഡിപ്പാർട്ട്മെന്റിന് കൈമാറി. പാലക്കാട് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജിന്റെ നിർദ്ദേശപ്രകാരം ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എസ്.ഐ ദീപക്, എ.എസ്.ഐ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.