
കൊല്ലങ്കോട്: പാലക്കാട് നിന്നു പറമ്പിക്കുളത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി രണ്ടര വർഷത്തിനു ശേഷം വീണ്ടും സർവീസ് തുടങ്ങി. പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണെങ്കിലും തമിഴ്നാനാടിനെ ആശയിച്ചുവേണം സർവീസ് നടത്താൻ. കൊവിഡിനെ തുടർന്ന് അന്തർസംസ്ഥാന സർവീസ് നിർത്തിയതോടെ പറമ്പിക്കുളം യാത്രയും നിർത്തിവയ്‌ക്കേണ്ടി വന്നു. പാലക്കാട് കോയമ്പത്തൂർ കളക്ടർമാർ നടത്തിയ ചർച്ചയെ തുടർന്നും സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം അന്യസംസ്ഥാന സർവീസ് തുടങ്ങിയെങ്കിലും പറമ്പിക്കുളത്ത് പാത തകർന്ന് ബസ് കടന്നുപോകാൻ കഴിയാത്തതിനാൽ തൂണക്കടവ് വരെയാണ് സർവീസുണ്ടായത്.
എന്നാൽ പറമ്പിക്കുളത്തുകാരുടെ യാത്രാ ക്ലേശത്തെ തുടർന്ന് കെ.ബാബു എം.എൽ.എ ഇടപെട്ടാണ് യാത്ര പറമ്പിക്കുളം വരെ നീട്ടുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ബസ് കടന്നു പോകുന്നതിനായി തകർന്ന പാത കോറി വേസ്റ്റ് ഇട്ട് താത്കാലിക യാത്ര ചെയ്യുന്നതിനായി നിർമ്മിച്ചു നൽകി. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പാത ഉടൻ നന്നാക്കുമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ശ്രീധരൻ, എ.ടി.ഒ ഉബൈദ്, ശെൽവി, മഹേഷ്, ബാബു എന്നിവർ തൂണക്കടവിൽ നിന്നും പറമ്പിക്കുളം വരെ സർവീസ് നടത്തിയ ബസിൽ യാത്ര ചെയ്ത് പരിശോധന നടത്തി.