
ഷൊർണൂർ: വരുമാനമില്ലാതെ നട്ടം തിരിഞ്ഞ് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാവാതെ ഇഴഞ്ഞു നീങ്ങുന്ന ഷൊർണൂർ നഗരസഭാ ഭരണസമിതിയുടെ അനാസ്ഥയിൽ ലക്ഷങ്ങൾ വിലമതിപ്പുള്ള തേക്കു തടികൾ നഗരസഭക്കകത്ത് ഒന്നര വർഷമായി ചിതലരിച്ച് നശിക്കുന്നു. ശുചീകരണ വിഭാഗം ജോലിക്കാർ തുടങ്ങി നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജോലിക്കാർക്കെല്ലാം ശമ്പളം നൽകുന്നത് മാസം അവസാനിക്കാറാവുമ്പോഴാണ് എന്നിരിക്കെയാണ് ഇത്തരം അനാസ്ഥ.
വികസന മുരടിപ്പിൽ കൂപ്പുകുത്തിയ ഷൊർണൂർ നഗരസഭക്ക് സ്വന്തം വരുമാന പദ്ധതികളുടെ അഭാവവും ഉള്ളവയിലെ നിർമ്മാണ അപാകതകൾ കൊണ്ടും നഗരസഭയുടെ കെട്ടിടങ്ങളിൽ വ്യാപാരികൾ കച്ചവടക്കാവശ്യത്തിന് എടുക്കുന്നില്ല. കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ലോകബാങ്കിന്റെ സഹായത്തോടെ രണ്ട് കോടി ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ പേരിന് പ്രവർത്തിക്കുന്നത് ഒരു സഹകരണ ബാങ്കിന്റെ ശാഖ മാത്രമാണ്. പുറത്തേക്ക് ഷട്ടറുകൾ നൽകാതെ നിർമ്മിച്ച കെട്ടിടത്തിൽ നിരവധി മുറികളും ഹോളുകളുമുണ്ടെങ്കിലും അഞ്ച് വർഷത്തോളമായിട്ടും ഒരു വ്യാപാര സ്ഥാപനം പോലും ഈ കെട്ടിടത്തിന് പ്രവർത്തിക്കാനെത്തിയിട്ടില്ല. നിർമ്മാണത്തിലെ അപാകത കൊണ്ട് നഗരസഭക്ക് ഉണ്ടാവേണ്ട വരുമാനം ഇവിടെ ഇല്ലാതായി.മാർക്കറ്റിനായി ഷൊർണൂർ ടൗൺ ബസ് സ്റ്റാൻഡിന് പിൻവശത്ത് നിർമ്മിച്ച മത്സ്യമാംസ മാർക്കറ്റ് കടകളിൽ നിർമ്മാണം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും കച്ചവടക്കാരെ പ്രവേശിപ്പിക്കാൻ ഭരണകർത്താക്കൾക്കായിട്ടില്ല. പഴയ മാർക്കറ്റ് പൊളിച്ച് നീക്കുമ്പോൾ താത്കാലികമായി ഇവർക്ക് നൽകിയ കടമുറികളിൽ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.നഗരസഭക്ക് ഇവിടെയും വർഷങ്ങളായി വാടകയിനത്തിൻ വരുമാനം കുറഞ്ഞു.വർഷങ്ങളായി ബഡ്ജറ്റിൽ ഇടം പിടിക്കുന്ന വ്യവസായ പാർക്ക് തുടങ്ങി നിരവധി പദ്ധതികൾ നിർമ്മാണം തുടങ്ങി കാടുകയറി കിടക്കുകയാണ്. വികസന പദ്ധതികൾക്ക് മാസ്റ്റർ പ്ലാൻ വേണമെന്ന ആവശ്യവും നിരാകരിക്കപ്പെടുന്നു.
മരങ്ങൾ ലേലം നടത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനായി സ്ഥലമൊരുക്കാൻ മുറിച്ച് മാറ്റിയതാണ് തേക്കുമരങ്ങൾ, മരങ്ങൾ ലേലം നടത്താനുള്ള ഒരു നടപടിയും ഇന്നേ വരെ നഗരഭരണസമിതി കൈകൊണ്ടിട്ടില്ലെന്ന് നഗരസഭയിലെ ബി.ജെ.പി പാർലമെൻട്രി പാർട്ടി ലീഡർ ഇ.പി .നന്ദകുമാർ പറയുന്നു.