inauguration

പാലക്കാട്: തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ടി പഞ്ചായത്ത് - ജില്ലാതലങ്ങളിൽ നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന് കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലോക തണ്ണീർത്തട ദിനത്തിൽ സംഘടിപ്പിച്ച നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പുനർവായന എന്ന പരിപാടി കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. റവന്യു ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തണ്ണീർത്തടങ്ങൾ വ്യാപകമായി രൂപമാറ്റം വരുത്തുകയാണ്.

ഭേദഗതികളിലൂടെ നെൽവയൽ നീർത്തട നിയമത്തെ ദുർബലപ്പെടുത്തുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത മുഖ്യപ്രഭാഷണം നടത്തി. ഇ.എം.ബാബു, എൻ.രവീന്ദ്രൻ വള്ളിക്കോട്, എൻ.രാധാകൃഷ്ണൻ, പി.വി.പങ്കജാക്ഷൻ, സി.വി.വിജയൻ, കെ.ജി.സുകുമാരൻ, ടി.എ.അബൂബക്കർ, കെ.കെ.രാമകൃഷ്ണൻ, സജിത്.സി, മണികണ്ഠൻ എന്നിവർ സംസാരിച്ചു.