
പട്ടാമ്പി: മുതുതല പറക്കാട് കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്ക് അഭിനന്ദന പ്രവാഹം. പറക്കാട് അമ്മന്നൂർ അമ്പലത്തിന് സമീപം ആൾ താമസമില്ലാത്ത വളപ്പിലെ കിണറ്റിൽ ബുധനാഴ്ച പകൽ 11.30നാണ് ആകസ്മികമായി നീലു കാവിൽ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുക്കുട്ടി വീണത്. ഉടൻതന്നെ തൊട്ടടുത്ത് കൂട്ടുകാരനോടൊപ്പം ഇരിക്കുകയായിരുന്ന മുഹമ്മദലിയുടെ മകൻ മുസമ്മിലും (17) സുഹൃത്ത് കോലോത്തു പറമ്പിൽ ആഷിക്കും (17) മറ്റൊന്നുമാലോചിക്കാതെ കിണറ്റിലിറങ്ങുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പശു കുഞ്ഞ് വളരെ അവശതയിലായിരുന്നു. നിലയില്ലാത്ത കിണറിൽ ഫയർഫോഴ്സ് എത്തുംവരെ പശുക്കുട്ടി മുങ്ങാതിരിക്കാൻ കയർകെട്ടിയും മരക്കമ്പുകൾ ചേർത്തുവെച്ചും അവർ ജാഗ്രത കാണിച്ചു.
വിവരമറിയിച്ചതിനെത്തുടർന്ന് പട്ടാമ്പി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പശുക്കുട്ടിയെ പുറത്തെടുത്തു. പ്രായത്തെ വെല്ലുന്ന രക്ഷാ ദൗത്യം ഏറ്റെടുത്ത മുസമ്മിലും ആഷിക്കുമാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. മാതൃകാ ദൗത്യം നിർവഹിച്ച വിദ്യാർത്ഥികളെ പട്ടാമ്പി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രത്യേകം അഭിനന്ദിച്ചു.