
ചെർപ്പുളശ്ശേരി: തൂതപുഴയ്ക്കു കുറുകെ പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധപ്പെടുത്തി കാളിക്കടവിൽ പാലം യാഥാർത്ഥ്യമാക്കാൻ വീണ്ടും ശ്രമം തുടങ്ങി. നേരത്തെ നബാർഡ് ഫണ്ട് അനുവദിക്കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത പദ്ധതിക്കാണ് വീണ്ടും ചിറകുവയ്ക്കുന്നത്. ഇന്നലെ പി.മമ്മിക്കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
കാളിക്കടവിൽപാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.2016 ൽ നബാർഡ് 8 കോടി രൂപ പാലത്തിന് അനുവദിച്ചിരുന്നതാണ്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണ പ്രവൃത്തികൾക്ക് മാത്രമായാണ് ഈ തുക അനുവദിച്ചിരുന്നത്.
എന്നാൽ അപ്രോച്ച് റോഡ് നിർമാണത്തിന് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കാൻ ഫണ്ട് കണ്ടെത്താൻ കഴിയാത്തതിനാൽ അനുവദിച്ച തുക അന്ന് പാഴായി പോയി.
മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ 135 മീറ്ററും ചെർപ്പുളശ്ശേരി നഗരസഭയിൽ 65 മീറ്ററുമാണ് അപ്രോച്ച് റോഡ് വേണ്ടത്. ഇതിൽ 50 മീറ്ററോളം ഭാഗം 15 മീറ്റർ വീതിയിലും ബാക്കി ഭാഗം 8 മീറ്റർ വീതിയിലുമാണ് നിർമ്മിക്കേണ്ടത്. ഇതിനായി ആലിപ്പറമ്പ് പഞ്ചായത്തിൽ 35 സെന്റും ചെർപ്പുളശ്ശേരി കാളികടവിൽ 20 സെന്റും സ്ഥലം സ്വകാര്യ വ്യക്തികൾ വിട്ടുനൽകേണ്ടതുണ്ട്. ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തയ്യാറാവാത്ത സ്ഥിതിക്ക് ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാരിലേക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു .
പദ്ധതി നടത്തിപ്പിന് ചെർപ്പുളശ്ശേരി നഗരസഭയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ പി. രാമചന്ദ്രനും പറഞ്ഞു.
പദ്ധതിക്ക് മുന്നോടിയായി ആലിപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളും ചെർപ്പുളശ്ശേരി നഗരസഭാ പ്രതിനിധികളും പങ്കെടുക്കുന്ന വിപുലമായ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.
പൊതുമരാമത്ത് ഷൊർണൂർ സെക്ഷൻ ബ്രിഡ്ജ് അസിസ്റ്റന്റ് എൻജിനീയർ സൈറ, ഓവർസിയർ പ്രിൻസ്, പൊതു മരാമത്ത് മഞ്ചേരി സെക്ഷൻ ബ്രിഡ്ജ് അസിസ്റ്റന്റ് എൻജിനീയർ ഷമീർ ബാബു, ഓവർസിയർ രജിത, സി.പി.എം കാറൽമണ്ണ ലോക്കൽ സെക്രട്ടറി എം സിജു, നഗരസഭാ കൗൺസിലർമാർ പൊതുപ്രവർത്തകർ എന്നിവരും എം.എൽ എയോടൊപ്പം സ്ഥലം സന്ദർശിക്കാനുണ്ടായിരുന്നു.