hospital

 ഒ.പിയിൽ എത്തുന്നത് അമ്പതിലധികം രോഗികൾ

പാലക്കാട്: ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഇലക്ട്രോ ഫിസിയോളജി ലാബ് ഉൾപ്പെടെ പ്രവർത്തനമാരംഭിച്ചതോടെ ന്യൂറോളജി വിഭാഗം സജീവമായി. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുന്നത്. അമ്പതിലധികം രോഗികളാണ് ഒ.പിയിലെത്തുന്നത്. ജില്ലാ ആശുപത്രിയിൽ ന്യൂറോളജിസ്റ്റ് ഡോ. ജലീസ ബീവി, ന്യൂറോ ടെക്നീഷ്യൻ എന്നിവരുടെ സേവനം ലഭ്യമാണ്.

പത്തുലക്ഷം രൂപ ചെലവഴിച്ചാണ് കെ.എം.സി.എൽ. (കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്) സർക്കാർ തലത്തിൽ ജില്ലയിൽ ആദ്യത്തെ ഇലക്ട്രോ ഫിസിയോളജി ലാബ് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചത്. ഇ.ഇ.ജി, നെർവ് കണ്ടക്ഷൻ സ്റ്റഡി, ഇ.എം.ജി, വി.ഇ.പി പരിശോധനകൾ വളരെ കുറഞ്ഞ നിരക്കിൽ ലാബിൽ നടത്താം. പൊതുവിപണിയിൽ ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വിലയുള്ള ഐ.വി ഇമ്മ്യൂണോ ഗ്ലോബുലിൻ തുടങ്ങിയ മരുന്നുകൾ കെ.എ.എസ്.പി പദ്ധതിയിലുള്ള രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഗില്ലൻ ബാരി, മയസ്ഥീനിയ ഗ്രാവസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കൃത്യമായ ചികിത്സയും നിരീക്ഷണവും ആശുപത്രിയിൽ ഉറപ്പാക്കുന്നുണ്ട്.

അപസ്മാരം, പക്ഷാഘാതം, മറവി രോഗങ്ങൾക്ക് ചികിത്സ തേടി ധാരാളം ആളുകൾ ന്യൂറോളജി വിഭാഗത്തിലെത്തുന്നുണ്ട്. പാരമ്പര്യമായി സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങൾ ബാധിച്ചവർ കൂടുതലായി എത്തുന്നുണ്ടെന്നും ന്യൂറോളജിസ്റ്റ് ജലീസ ബീവി പറഞ്ഞു. കൂടാതെ സി.ടി, എം.ആർ.ഐ സ്‌കാനിംഗ് വിഭാഗങ്ങൾ കാര്യക്ഷമമായി പ്രവർത്തനം ആരംഭിച്ചതോടെ ഇത്തരം സൗകര്യങ്ങളും അസ്ഥിരോഗ സംബന്ധമായ രോഗങ്ങളുടെ നിർണയത്തിന് പ്രയോജനകരമാകുന്നുണ്ട്.

കൊവിഡാനന്തര രോഗങ്ങൾ: ആശ്വാസമായി ന്യൂറോളജി വിഭാഗം

കൊവിഡ് ബാധിച്ചതിനു ശേഷം അസ്ഥിരോഗ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവർ ഏറെയാണ്. കൊവിഡിന് ശേഷം ഞരമ്പ്, മസിൽ സംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സകളും നടക്കുന്നുണ്ട്.