turmeric

നെന്മാറ: ജില്ലയിൽ മഞ്ഞൾ വിളവെടുപ്പ് ആരംഭിച്ചു. മലയോര മേഖലകളായ കരിമ്പാറ, ഒലിപ്പാറ, എലവഞ്ചേരി, പാലമുക്ക്, കൈതച്ചിറ, അടിപ്പെരണ്ട ഭാഗങ്ങളിൽ ഇടവിളയായും പ്രധാനവിളയായും കൃഷിചെയ്ത മഞ്ഞളിന്റെ വിളവെടുപ്പാണ് നിലവിൽ പുരോഗമിക്കുന്നത്.

ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർദ്ധിച്ചതിനാൽ നല്ല വിലലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മുമ്പ് കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇപ്പോൾ 110 മുതൽ 120 രൂപവരെ വിലയുണ്ട്. കൊവിഡ് കാലത്താണ് മഞ്ഞളിന് ആവശ്യക്കാരേറിയതും വില ഉയർന്നതും. കൊവിഡ് വ്യാപനത്തോടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മഞ്ഞൾ ഉത്തമ ഔഷധമാണെന്നതിനാൽ ആളുകൾ കൂടുതലായി മഞ്ഞൾ ഉപയോഗിച്ചു തുടങ്ങി. കൂടാതെ മരുന്നു നിർമ്മാണത്തിനും മഞ്ഞൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു. ഡിസംബറിൽ ആരംഭിച്ച മഞ്ഞളിന്റെ വിളവെടുപ്പ് ഏപ്രിൽ മാസത്തിൽ അവസാനിക്കും. മറ്റ് കൃഷികൾക്ക് ഇടവിളയായും അല്ലാതെയും ജില്ലയിൽ മഞ്ഞൾ കൃഷി ചെയ്തു വരുന്നു.ഏക്കറിന് 35000 രൂപ മുതൽ 40000 രൂപവരെ പാട്ടം നൽകിയാണ് മേഖലയിൽ പലരും കൃഷിയിറക്കിയിട്ടുള്ളത്.

ലാഭം ഇടനിലക്കാർക്ക്

മഞ്ഞളിന് വില വർദ്ധിച്ചിട്ടും ചെറുകിട കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ തുകമാത്രമാണ്. പച്ച മഞ്ഞൾ കിലോയ്ക്ക് 16 രൂപ എന്ന നിരക്കിലാണ് വ്യാപാരികൾ കർഷകരിൽ നിന്ന് വാങ്ങുന്നത്. ഇത് വിപണിയിലെത്തിയാൽ നാലിരട്ടി വർദ്ധിക്കും. ഉണക്കിയ മഞ്ഞളിന് പെരുമ്പാവൂർ, കൊച്ചി മാർക്കറ്റുകളിൽ 120 രൂപവരെ വിലയുണ്ടെങ്കിലും നാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് 55മുതൽ 70 രൂപ വരെയാണ്. ഇടനിലക്കാരാണ് കൊള്ളലാഭം കൊയ്യുന്നത്. ഉണക്കിയെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ ഇല്ലാത്തതാണ് ഇതിനു കാരണം.

ഉണക്കി എടുക്കൽ

മഞ്ഞൾ പറിച്ച ശേഷം മറ്റു കിഴങ്ങുവിളകളെക്കാൾ ധാരാളം തൊഴിൽദിനങ്ങൾ ആവശ്യമാണ്. പറിച്ചെടുത്ത മഞ്ഞളിലെ വേരും മണ്ണും നീക്കം ചെയ്യുന്നത് കൂടാതെ കഴുകി പുഴുങ്ങിയെടുത്ത് സിമന്റ് തറകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒഴിഞ്ഞുകിടക്കുന്ന പാറപ്പുറങ്ങളിലുമിട്ട് ഒരാഴ്ചയോളം ഉണക്കി എടുക്കണം. പച്ച മഞ്ഞൾ പുഴുങ്ങിയെടുക്കാൻ വിറകും ചകിരിയും തൊഴിലാളികളുടെ അധ്വാനവും ആവശ്യമാണ്. 60 കിലോ മഞ്ഞൾ ഉണക്കിയാൽ 10 കിലോ ഉണക്ക മഞ്ഞൾ മാത്രമേ ലഭിക്കുയെന്നും വ്യാപാരികൾ പറയുന്നു.