
തൃത്താല: പെരിമ്പലം മേലഴിയം പാടശേഖരത്തിൽ പുഞ്ചകൃഷികൾക്ക് തുടക്കമായി. വർഷങ്ങളായി രണ്ടാം വിളമാത്രം കൃഷിയിറക്കിയിരുന്ന പെരുമ്പലത്ത് ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പിന്തുണയോട് കൂടി രണ്ട് വർഷം മുൻപാണ് ഇരുപത് ഏക്കറോളം സ്ഥലത്ത് പരിക്ഷണാർത്ഥം പുഞ്ചകൃഷിയാരംഭിച്ചത്.
കൃഷി വിജയകരമായതോടെ ഇത്തവണ ഉമ്മത്തൂർ, മലമ്മക്കാവ് മേഖലകളിലായ് നൂറ് ഏക്കറിലേക്ക് കൃഷി വർദ്ധിപ്പിച്ചിരിക്കയാണ്. പുഞ്ചകൃഷി വർദ്ധിക്കുന്നതോടെ നെല്ലുല്പാദനത്തോടൊപ്പം വേനലിന്റെ കാഠിന്യമകറ്റി പ്രദേശത്തെ ജലസാന്നിധ്യം വർദ്ധിക്കുന്നതിനും സഹായകരമാണ്.
പുഞ്ചകൃഷി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നെൽവിത്ത് വിതച്ച് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് നിർവ്വഹിച്ചു.
കൃഷി ഓഫീസർ എം.പി.സുരേന്ദ്രൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാടശേഖരത്തിന്റെ ചുമതലയുള്ള അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗിരീഷ്, പാടശേഖര സമിതി ഭാരവാഹികളായ യു.പി.രവീന്ദ്രൻ, കെ.സി.ബഷീർ, കർഷകസഭ കൺവീനർ മധു, ഹരിഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.