
പാലക്കാട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് ചെലവാകുന്ന ആയിരം രൂപ സർക്കാരിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് തീരുമാനം.ജില്ലയിൽ കാട്ടുപന്നി ശല്യം മൂലം കൃഷി നാശം ഉണ്ടാകുന്നത് തടയുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.ക്യഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാളിതുവരെയുള്ള കുടിശ്ശിക ലഭ്യമാക്കുന്നതിനും നിലവിലുള്ള തുക വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പന്നിശല്യം രൂക്ഷമായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്ന് കാട്ടുപന്നി ശല്യം തടയാനുള്ള പ്രായോഗിക മാർഗങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ജില്ല കളക്ടർ നിർദ്ദേശിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ ഉൾപ്രദേശങ്ങളിലെ കർഷകരുടെ യോഗം റേഞ്ച് ഓഫീസർമാർ വിളിച്ചുചേർക്കണം.അവരുടെ സഹായത്തോടെ കാട്ടുപന്നി ശല്യം ഇല്ലാതാക്കാൻ ഉള്ള നടപടി സ്വീകരിക്കേണ്ടതാണ് എന്നും യോഗത്തിൽ തീരുമാനമെടുത്തു. കാട്ടുപന്നിയുടെ ശല്യം രൂക്ഷം ആയിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ കണ്ടെത്തി പഞ്ചായത്തിന് ഒരെണ്ണം എന്ന കണക്കിൽ കൂട് സ്ഥാപിക്കുകയാണെങ്കിൽ കർഷകർക്ക് ആശ്വാസകരം ആകുമെന്നും മന്ത്രി പറഞ്ഞു.
നെന്മാറ ഡിവിഷന് കീഴിൽ 160,മണ്ണാർക്കാട് ഡിവിഷനിൽ 59, കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ട് എന്ന ഡി.എഫ്.ഒ അറിയിച്ചു.
ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്,നെന്മാറ ഡി എഫ് ഒ സി. പി നീഷ് ,മണ്ണാർക്കാട് ഡിഎഫ് എം. കെ.സുജിത്ത്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയ എന്നിവർ പങ്കെടുത്തു.
പ്രധാന നിർദേശം
തോക്ക് ഉപയോഗിക്കുന്നതിനു ലൈസൻസ് ലഭിച്ചിട്ടുള്ള കർഷരെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
കാട്ടുപന്നികളെ വെടി വെക്കുന്നതിനായി ആവശ്യമുള്ള ഗതാഗത ചെലവും ഇന്ധന ചെലവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും പാടശേഖര സമിതികളും ചേർന്ന് നൽകേണ്ടതാണ്.
പുലിയുടെ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ അടിക്കാടുകൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ വൃത്തിയാക്കേണ്ടതാണ്.
വനംവകുപ്പിന്റെ നിയമപ്രകാരം കാട്ടുപന്നികളെ വെടി വയ്ക്കുന്നതിന് ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ അനുമതി ആവശ്യമുണ്ട്.
തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസുള്ള കർഷകർക്ക് അപേക്ഷ നൽകുന്ന മുറക്ക് കർഷകൻ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്.
മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ കാട്ടുപന്നികളെ കെണിവെച്ച് പിടിക്കുന്ന രീതി പ്രാവർത്തികമാക്കണം.