inogration

ചെർപ്പുളശ്ശേരി: നിർദ്ധന കുടുംബത്തിന്റെ വീട് വാസയോഗ്യമാക്കി നൽകി ചെർപ്പുളശ്ശേരി ജനമൈത്രി പൊലീസും വ്യാപാരികളും മാതൃകയായി. ചളവറ തെക്കരപ്പറ ചെറുവത്തൂർ കോളനി അബ്ദുൾസത്താർ ഷിഫാന ദമ്പതികളുടെ തകർന്നു വീഴാറായ വീടാണ് പൊലീസ് ഇടപെട്ട് നവീകരിച്ചത്. ചളവറയിൽ സ്ഥല തർക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ചെറുവത്തൂർ കോളനിയിൽ രണ്ടു കുട്ടികളുമായി കഴിയുന്ന അബ്ദുൾ സത്താർ- ഷിഫാന ദമ്പതികളുടെ ദുരിത ജീവിതം ജനമൈത്രി ബീറ്റ് ഓഫീസറായ സി.വി.മുരളീധരന്റെ ശ്രദ്ധയിൽപെടുന്നത്. തകർന്നു വീഴാറായ വീട്ടിലായിരുന്നു കുടുംബം കുട്ടികളുമായി കഴിഞ്ഞിരുന്നത്.

കൂലിപണിയെടുത്ത് കുടുംബം പുലർത്തുന്ന അബ്ദുൾ സത്താറിന്റെ നിസഹായവസ്ഥ മനസിലാക്കിയാണ് ജനമൈത്രി പൊലീസ് ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. വ്യാപാരി വ്യവാസായി ഏകോപന സമിതിയെയും ഓൾ കേരള വയർമെൻ അസോസിയേഷനേയും ബന്ധപ്പെട്ടപ്പോൾ അവരും പൊലീസിനൊപ്പം കുടുംബത്തെ സഹായിക്കാൻ കൈകോർത്തു. തുടർന്ന് ഓടിട്ട വീടിന്റെ മേൽക്കൂരയെല്ലാം മാറ്റുകയും മറ്റ് അറ്റകുറ്റപ്പണികളും നടത്തി നവീകരിച്ച് നൽകുകയായിരുന്നു.

ഷൊർണൂർ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസൻ, ചെർപ്പുളശ്ശേരി സി.ഐ എം.സുജിത് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എ.ഹമീദ് വീടിന്റെ താക്കോൽ കൈമാറി. ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു, ചെർപ്പുളശ്ശേരി എസ്.ഐ എം.സുനിൽ, സീനിയർ സി.പി.ഒ സി.വി.മുരളീധരൻ, കെ.വി.വി.ഇ.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് താഹിർ നിള, യൂത്ത് വിംഗ് പ്രസിഡന്റ് ഷാഹിർ എന്നിവർ പങ്കെടുത്തു.