
പാലക്കാട്: പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന വളർത്തു മൃഗങ്ങളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. 2020- 21 വർഷത്തിൽ ഇത്തരത്തിൽ 12 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 12 ആടുകളും മൂന്ന് പശുക്കളും ഉൾപ്പെടും. ആക്രമണത്തിന് ഇരയായി ചത്ത 12 ആടുകൾക്കായി വനംവകുപ്പ് 87,666 രൂപയും പശുക്കൾക്ക് 60,000 രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. കൂടാതെ ആക്രമണംമൂലം പരിക്കേറ്റ് രക്ഷപ്പെട്ടതും കർഷകർ റിപ്പോർട്ട് ചെയ്യാത്തതുമായ കേസുകൾ ഇതിനുപുറമെയാണ്. സാധാരണ വേനൽചൂട് കനക്കാൻ തുടങ്ങുന്നതോടെയാണ് ജില്ലയിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവാകുന്നത്. വനമേഖലയിൽ മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി തടാകങ്ങൾ നിർമ്മിക്കാത്തതാണ് കുടിക്കാൻ വെള്ളം തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന് പ്രധാന കാരണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഭീതിയോടെ ജനങ്ങൾ
ജില്ലയിലെ മലയോരമേഖലകളിലെ സമീപപ്രദേശങ്ങളിൽ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലും കാട്ടാന, പുലി, പന്നി, കാട്ടുപോത്ത് തുടങ്ങിയവ വന്യമൃഗങ്ങൾ പതിവായി ഇറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വന്യമൃഗങ്ങൾ വളർത്തു മൃഗങ്ങൾക്ക് ഭീഷണിയാകുന്നതിനു പുറമെ മലയോരമേഖലയിൽ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. കാട്ടാന, കാട്ടുപന്നി എന്നിവയാണ് മലയോര മേഖലകളിൽ ഏക്കർ കണക്കിന് കൃഷിനാശം വരുത്തിവയ്ക്കുന്നത്. മലമ്പുഴ, വാളയാർ, നെന്മാറ, കൊല്ലങ്കോട്, മണ്ണാർക്കാട് മേഖലകളിൽ കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ശല്യംമൂലം പല കർഷകരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
പുലിയും കാടിറങ്ങുന്നത് പതിവാകുന്നു
കാട്ടാന, കാട്ടുപന്നി മാത്രമാണ് മുൻകാലങ്ങളിൽ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നുവെങ്കിൽ നിലവിൽ പുലി, കാട്ടുപോത്ത് എന്നിവയും നാട്ടിലിറങ്ങി വിലസാൻ തുടങ്ങിയിരിക്കുകയാണ്. പാലക്കാട് അകത്തേത്തറ ജനവാസ കേന്ദ്രം കൂടാതെ മണ്ണാർക്കാട്, അഗളി പ്രദേശത്തും പുലി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇനി കാട്ടാനകളെ പോലെ പുലികൾ കൂടി കൂട്ടത്തോടെ ഇറങ്ങിയാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടുതൽ വാളയാർ റേഞ്ചിലാണ്. നിലവിൽ മലമ്പുഴ മേഖലയിലും വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പാലക്കാട്.