life-mission

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായവർക്ക് ഭവന നിർമ്മാണത്തിന് ജില്ലയിൽ നാല് പേർ 205 സെന്റ് സ്ഥലം നൽകി. 'മനസോടിത്തിരി മണ്ണ്' എന്ന കാമ്പെയിന്റെ ഭാഗമായാണ് ജില്ലയിലെ നാല് പേർ സന്തോഷപൂർവ്വം സ്വന്തം ഭൂമി സർക്കാരിന് നൽകിയത്. തങ്കം, ശ്രീനിലയം, മണ്ണാർക്കാട് (30 സെന്റ്), എലമ്പുളശ്ശേരി എഡ്യൂക്കേഷണൽ ട്രസ്റ്റ്, കരിമ്പുഴ, (45 സെന്റ്), വി.വി.ബാലക്യഷ്ണൻ, വട്ടക്കാട്ട് വളപ്പിൽ പെരുമാനൂർ (100 സെന്റ്), വിപിന ചന്ദ്രൻ, കൊപ്പം, (30 സെന്റ്) എന്നിവരാണ് ഭൂമി നൽകിയത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിതഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. 2021-22 മുതലുള്ള മൂന്ന് വർഷത്തിനകം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിന് സർക്കാർ സംവിധാനത്തിലൂടെ മാത്രം സാദ്ധ്യമല്ലാത്തതിനാൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയാണ് 'മനസ്സോടിത്തിരി മണ്ണ്' എന്ന പേരിൽ വിപുലമായ കാമ്പെയിൻ സർക്കാർ ആരംഭിച്ചത്.

മനസോടിത്തിരി മണ്ണ്

ഭൂമിയോ, ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുകയാണ് സർക്കാറിന്റെ മനസോടിത്തിരി മണ്ണ് ക്യാമ്പെയിനിൽ ലക്ഷ്യമിടുന്നത്. സുമനസുകളായ പൊതുജനങ്ങൾ, വ്യാപാരി വ്യവസായികൾ, പ്രവാസികൾ, സന്നദ്ധ സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവരുടെ സജീവ പങ്കാളിത്തമാണ് കാമ്പെയിനിലൂടെ ഉറപ്പാക്കുന്നത്. മൂന്ന് സെന്റ് മുതൽ അതിന് മുകളിൽ വിസ്തൃതിയുള്ള നിർമ്മാണ യോഗ്യമായ ഭൂമി ഗുണഭോക്താക്കൾക്ക് കൊടുക്കുന്ന രീതിയാണ് ഇതിൽ പ്രധാനം. ഭൂമി വാങ്ങുന്നതിനുള്ള തുക ഗുണഭോക്താക്കൾക്ക് നേരിട്ടു നൽകുന്ന രീതിയാണ് മറ്റൊന്ന്. എന്നാൽ രണ്ടു രീതിയിലും ലഭിക്കുന്ന ഭൂമി തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ലൈഫ് ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക . ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂമി നൽകുന്നതിന് രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടയ്‌ക്കേണ്ടതില്ല. സംഭാവനകൾ ഒരു കാരണവശാലും തദ്ദേശ സ്ഥാപനങ്ങളോ സർക്കാർ ഏജൻസികളോ നേരിട്ട് വാങ്ങുന്നതല്ല.