
പാലക്കാട്: വരൾച്ച ലഘൂകരിക്കുന്നതിന്റെ ഭാഗമായി മണ്ണ് സർവേ മണ്ണ് സംരക്ഷണ വകുപ്പ് (സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ) ജില്ലയിൽ നവീകരിച്ചത് 53 പരമ്പരാഗത പൊതുകുളങ്ങൾ. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (നബാർഡ്) 15 കോടി രൂപയുടെ ധനസഹായത്തോടെയാണ് അഞ്ച് വർഷത്തിനകം ഇത്രയും കുളങ്ങൾ നവീകരിച്ചത്. ആകെ 56 കുളങ്ങളാണ് നവീകരിക്കുന്നത്. നിലവിൽ നവീകരിച്ച 53 കുളങ്ങളും അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. ബാക്കിയുള്ള മൂന്ന് കുളങ്ങളുടെ (കടമ്പഴിപ്പുറം വായില്യാംകുന്നിൽ ശിവക്ഷേത്ര കുളം, വടകരപതിയിലെ വെള്ളച്ചിയമ്മൻ കുളം, കരിമ്പയിലെ കണക്കംപാടം കുളം) നിർമ്മാണം അന്തിമഘട്ടത്തിലാണ്.
2016ൽ പദ്ധതി ഏറ്റെടുക്കുമ്പോൾ രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടെങ്കിലും ചില കുളങ്ങളുടെ ഉടമസ്ഥയിലുള്ള കാരണം വൈകുകയായിരുന്നു. ഇവ പരിഹരിച്ച് നിർമ്മാണത്തിന് ഒരുങ്ങുന്നതിന് മുമ്പാണ് കൊവിഡ് മൂലം വീണ്ടും തടസ്സം നേരിടേണ്ടിവന്നത്. നവീകരിച്ച കുളങ്ങളിൽ 30 ശതമാനത്തോളം നികത്തിയ നിലയിലും ചിലത് പൂർണ്ണമായും നികത്തപ്പെട്ട നിലയിലുമായിരുന്നു. കൊടുമ്പ് പോളിടെക്നിക്കിലെ കുളം കളിസ്ഥലം പോലെയായിരുന്നു. ഇവയെല്ലാം പൂർണ്ണസ്ഥിതിയിലാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്.
തുടർപരിപാലനം തദ്ദേശ സ്ഥാപനത്തിന്
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. കുളം നവീകരിച്ച ശേഷം തുടർ പരിപാലം നടത്താനും തദ്ദേശ സ്ഥാപനങ്ങളുടെ ഉറപ്പ് ലഭിച്ചതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുളങ്ങളിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് അതത് തദ്ദേശ സ്ഥാപനങ്ങൾക്കുതന്നെ നൽകും. പഞ്ചായത്തുകൾ ലേലം ചെയ്ത് കിട്ടുന്ന വരുമാനം കുളത്തിന്റെ പരിപാലനത്തിനായും ഉപയോഗിക്കും.
നവീകരിച്ചത് 22 പഞ്ചായത്തുകളിൽ
പാലക്കാട്, മലമ്പുഴ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലായി 22 പഞ്ചായത്തുകളിലാണ് കുളങ്ങൾ നിലവിൽ നവീകരിച്ചിട്ടുള്ളത്. കുഴൽമന്ദം ബ്ലോക്കിൽ- 12, ശ്രീകൃഷ്ണപുരം ബ്ലോക്കിൽ- രണ്ട്, മലമ്പുഴ, മണ്ണാർക്കാട് ബ്ലോക്കുകളിൽ ഒമ്പത് വീതവും പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ബ്ലോക്കുകളിൽ- എട്ട് വീതവും കുളങ്ങളാണ് നവീകരിച്ചിട്ടുള്ളത്.
നിലവിൽ ബാക്കിയുള്ള മൂന്ന് കുളങ്ങളുടെയും പ്രവർത്തനം മാർച്ചിൽ പൂർത്തീകരിക്കും. കൊവിഡ് മൂലമുള്ള പ്രതിസന്ധികളാണ് പ്രവർത്തനങ്ങൾ നീളാൻ കാരണമായത്.
താര, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, പാലക്കാട്.