
ഒറ്റപ്പാലം: വള്ളുവനാടൻ പൂരങ്ങളിൽ പ്രശസ്തമായ പാലപ്പുറം ചിനക്കത്തൂർ പൂരം കൊടിയേറി. ആചാരത്തികവോടെ ഇന്നലെ രാത്രി 11നായിരുന്നു കൊടിയേറ്റം. ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി നടന്ന പാട്ടുതാലപ്പൊലിയും ഗുരുതിയും ഭക്തിസാന്ദ്രമായി. തട്ടകത്തിലെ സ്ഥാനീയരുടെ പേരുകൾ കോമരം മൂന്നുതവണ വിളിച്ചു ചോദിച്ചു. ആദ്യ രണ്ടു തവണയും നിഷേധത്തോടെ മറുപടി മൂന്നാംതവണ എത്തി എന്നു സമ്മതം അറിയിച്ചതോടെ ആദ്യം താഴെക്കാവിലും പിന്നെ മേലേക്കാവിലും കൊടിക്കൂറകൾ ഉയർന്നു. ഇതോടെ ഭക്തരിൽ നിന്ന് അയ്യയ്യോ വിളികൾ ഉയർന്നു. പൂരം കൊടിയിറങ്ങും വരെ അയ്യയ്യോ വിളികൾ തട്ടകമാകെ അലയടിക്കും. പതിനേഴ് ദിവസമായി നടക്കുന്ന തോൽപ്പാവക്കൂത്തിന് ഇന്നലെ സമാപനമായി. പൂരത്താലപ്പൊലി 15നും കുമ്മാട്ടി 16നും ആഘോഷിക്കും. 17 ആണ് ചിനക്കത്തൂർ പൂരം.