bjp

പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ആരോപിച്ചു. മേൽപ്പാല നിർമ്മാണം മൂലം സമീപ പ്രദേശങ്ങളിൽ ജനജീവിതം ദുഃസഹമായിരിക്കുകയാണ്. തെറ്റായ രീതിയിലുള്ള നിർമ്മാണ രീതികൾ കാരണം സമീപത്തുള്ള പല വീടുകളും തകർച്ചയുടെ വക്കിലാണ്. ഇവർക്ക് അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് നഷ്ടപരിഹാരം ലഭ്യമാക്കണം.പൊതുമരാമത്ത് വകുപ്പിന്റേയും കരാറുകാരന്റേയും അനാസ്ഥയും അഴിമതിയും പിടിപ്പുകേടുമാണ് നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന് സമീപം വ്യാപകമായി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണം.
നിർമ്മാണ പ്രവൃത്തികളിലെ അശാസ്ത്രീയതയും അഴിമതിയും വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും ഇക്കാര്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മേഖലാ കമ്മറ്റി ഉടൻ തന്നെ വിജിലൻസിന് പരാതി നൻകുമെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണം നടക്കുന്ന റെയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന നെടിയത്ത് ഹംസ , മുഹമ്മദാലി , കുഴിയിൽ പീടികയിൽ അബൂബക്കർ എന്നിവരുടെ വീടുകൾ കെ.എം.ഹരിദാസ് സന്ദർശിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.സി.സന്തോഷ്, ജനറൽ സെക്രട്ടറി ഗോപി പൂവ്വക്കോട് , ജില്ലാ കമ്മറ്റി അംഗം ശ്രീശങ്കർ, മേഖലാ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി സോമസുന്ദരൻ,മണികണ്ഠൻ , ശ്രീജേഷ്, ശങ്കുരാജ്, രാകേഷ് എന്നിവർ കൂടെയുണ്ടായിരുന്നു.