
ഒറ്റപ്പാലം: ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനുകളിലൊന്നായ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. ഒറ്റപ്പാലം വിഭജിച്ച് മറ്റൊരു പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം പൊലീസ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. അമ്പലപ്പാറ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ തുടങ്ങണമെന്ന പദ്ധതി നേരത്തെ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. കേസുകളുടെ എണ്ണക്കൂടുതലും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവും കണക്കിലെടുത്താണ് സ്റ്റേഷൻ എന്ന ആവശ്യം മുന്നോട്ട് വെച്ചത്.
എന്നാൽ പിന്നീട് സ്ലീസ് എയ്ഡ് പോസ്റ്റ് മാത്രമാണ് 2019ൽ അനുവദിച്ചിരുന്നത്. തുടർന്ന് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ 2020 നവംമ്പറിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഹായകേന്ദ്രം തുടങ്ങിയിരുന്നത്. മോഷണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അമ്പലപ്പാറയിൽ കേന്ദ്രം തുടങ്ങിയിരുന്നത്. പിന്നീട് വന്ന നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി പൊലീസുകാരുടെ സേവനത്തിൽ മാറ്റങ്ങൾ വന്നതിനെ തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിരുന്നു. പിന്നീടിത് ഞായറാഴ്ചകളിലേക്ക് മാത്രമാക്കി ചുരുക്കുകയും പ്രവർത്തനം പൂർണമായി നിലക്കുകയുമായിരുന്നു. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഇതിപ്പോൾ പ്രവർത്തിക്കുന്നില്ല. ലക്കിടി പേരൂർ പഞ്ചായത്ത് പരിധിയിലെ പത്തിരിപ്പാല മുതൽ വാണിയംകുളം പഞ്ചായത്ത് വരെയും അമ്പലപ്പാറ അനങ്ങനടി പഞ്ചായത്തുകളുമാണ് ഒറ്റപ്പാലം സ്റ്റേഷന്റെ വിശാലമായ പരിധി.ഒറ്റപ്പാലം നഗരസഭയും ഇതിൽപ്പെടുന്നു. മാസത്തിൽ 1500 ഓളം കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. ദൂരക്കൂടുതൽ മൂലം പല സ്ഥലങ്ങളിലേക്കും പെട്ടെന്ന് ഓടി എത്താനാകാത്ത സാഹചര്യവുമുണ്ട്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് മുമ്പോട്ട് പോകുന്നത്. ഓടി തളരുന്ന പൊലീസുകാർക്ക് ആശ്വാസമെന്ന നിലക്കാണ് പൊലീസ് സ്റ്റേഷൻ വിഭജിക്കണമെന്ന ആശയം ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ വച്ചിട്ടുള്ളത്.