covid

പാലക്കാട്: കൊവിഡ് മൂന്നാംതരംഗ വ്യാപനത്തിന്റെ തുടക്കത്തിൽ കേസുകളുടെ എണ്ണം കുതിച്ചുയർന്നെങ്കിലും നിലവിൽ കേസുകൾ കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. ജില്ലയിൽ ഒരാഴ്ച മുമ്പ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3500 വരെ എത്തിയത് നിലവിൽ 1200 ആയി കുറഞ്ഞു. എന്നാൽ വ്യാപന തീവ്രത കുറഞ്ഞുവരുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം.

കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിച്ചതും വ്യാപനതോത് കുറഞ്ഞുവരുന്നതിന് കാരണമായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നേരത്തെ ഒരു കൊവിഡ് രോഗിയിൽ നിന്ന് മൂന്ന് പേർക്കു വരെ കൊവിഡ് പിടിപെട്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നിടത്ത് ഇത്തവണ തീവ്രവ്യാപന സമയത്ത് ഒരാളിൽ നിന്ന് രണ്ടുപേരിലേക്ക് എന്ന തോതിലാണ് കൊവിഡ് പടരുന്നതെന്നാണ് അധികൃതർ പറയുന്നത്. വ്യാപനം കുറയുന്നതിനനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ വ്യാപനം വീണ്ടും കൂട്ടാൻ ഇടയാക്കും. ശരിയായ രീതിയിലല്ലാത്ത മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, പനി, ജലദോഷം എന്നിവ വന്നാൽ സ്വയം ചികിത്സ നടത്തുകയും പുറത്തിറങ്ങി നടക്കുക എന്നിവയെല്ലാം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകും.

കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു

കഴിഞ്ഞ തിങ്കളാഴ്ച (ജനുവരി 31) ജില്ലയിൽ 2718 രോഗികൾ ഉണ്ടായിരുന്നത് വരും ദിവസങ്ങളിലായി കുറഞ്ഞു തുടങ്ങി. ഒരുദിവസം ശരാശി 200 രോഗികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി ഒന്നിന്- 1480,പിന്നീടുള്ള ദിവസങ്ങളിൽ 2598,1972, 1792, 1577,1215, 816 എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം.

പ്രതിരോധ പ്രവർത്തനങ്ങൾ തുടരും

കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ഓരോരുത്തരും കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കാൻ ശ്രമിച്ചാൽ രോഗവ്യാപന തോത് ക്രമേണ കുറയ്ക്കാൻ സാധിക്കും.

ജില്ലാ ആരോഗ്യവകുപ്പ്

ജില്ലയിൽ ഇന്ന് 816 പേർക്ക് കൊവിഡ്

രോഗമുക്തി 3387 പേർക്ക്