
പാലക്കാട്: പാലക്കാട് വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച സോളാർ പാനൽ പദ്ധതി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് കെ.എസ്.ഇ.ബി നേരിട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യത്തെ സംരഭമാണ് വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം. പദ്ധതി ഉദ്ഘാടനം 12ന് രാവിലെ 9.30ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. ക്ഷേത്ര പരിസരങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് എം.ആർ.മുരളി പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, കെ.സതീഷ്, വിനോദ് കുമാർ, കെ.ഗോകുൽദാസ്, പി.അച്യുതാനന്ദൻ, ആർ.സുഭാഷ്, കെ.കൃഷ്ണപ്രസാദ്, കെ.ജിതേഷ്, പി.രവീന്ദ്രൻ എന്നിവർ എം.ആർ.മുരളിയോടൊപ്പം ക്ഷേത്രം സന്ദർശിച്ചു.