thadayana

ചെർപ്പുളശ്ശേരി: തൂതപ്പുഴയിലെ കുലുക്കല്ലൂർ മപ്പാട്ടുകര തടയണയുടെ ഷട്ടറുകൾ താഴ്ത്തി. വേനലിൽ ജലക്ഷാമം മുൻപിൽ കണ്ടാണ് ഷട്ടറുകൾ താഴ്ത്തിയത്. ഇതോടെ തടയണ ജല സമൃദ്ധമായി. ജനങ്ങളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണിയുടെ നേതൃത്വത്തിലുള്ള സംഘം തടയണ സന്ദർശിച്ചതിന് ശേഷമാണ് ഷട്ടറുകൾ താഴ്ത്താൻ നിർദ്ദേശം നൽകിയത്. തടയണയുടെ 11 ഷട്ടറുകളും താഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്താണ് തടയണയുടെ ഷട്ടറുകൾ ഉയർത്തിയത്. എന്നാൽ വേനലായതോടെ പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നു. കുലുക്കല്ലൂർ, നെല്ലായ സമഗ്ര കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും തടയണയുടെ വൃഷ്ടിപ്രദേശത്താണ് വരുന്നത്. വേനലിൽ ജലവിതരണം സുഗമമായി നടക്കണമെങ്കിൽ തടയണയിൽ വെള്ളം സംഭരിക്കേണ്ടതുണ്ട്. പ്രദേശത്തെ കാർഷികവൃത്തിയും പുഴയിലെ ജലവിതാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ ഏലംകുളം ഗ്രാമപഞ്ചായത്തിനു കൂടി ഗുണം ചെയ്യുന്നതാണ് ഈ തടയണ. ഷട്ടറുകൾ അടച്ചതോടെ തടയണയിലെ ജല സമൃദ്ധി ആസ്വദിക്കാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.