crime

പാലക്കാട്: കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലംഗ സംഘത്തെ മലമ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ഇവർക്ക് ഇറച്ചി കൈമാറിയ പുതുനഗരം സ്വദേശി ഒളിവിലാണ്. പുതുനഗരം മേഖലയിൽ നിന്നും വേട്ടയാടി കിട്ടിയ ഇറച്ചി മലമ്പുഴയിലെ വ്യാപാരിക്ക് കൈമാറാൻ കൊണ്ടുവന്നതെന്നാണ് വിവരം. കൊട്ടേക്കാട് കാളിപ്പാറയിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. യാത്രയെക്കുറിച്ചു പൊലീസിന്റെ ചോദ്യങ്ങൾക്കു യുവാക്കൾ പരസ്പര വിരുദ്ധമായി സംസാരിച്ചു. വേഗത്തിൽ വാഹനമോടിച്ച് നീങ്ങാനും ശ്രമമുണ്ടായി. വിശദമായ പരിശോധനയിലാണ് വാഹനത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോയോളം കാട്ടുപന്നിയിറച്ചി കണ്ടെത്തിയത്. മലമ്പുഴ സ്വദേശികളായ കൃഷ്ണകുമാർ, പരമേശ്വരൻ, കൊടക്കാട് സ്വദേശി മുകേഷ്, പാലക്കാട് മണലി സ്വദേശി സനിത്ത് എന്നിവരാണ് പിടിയിലായത്. പുതുനഗരം കരിപ്പോട് സ്വദേശിയാണ് ഇവർക്ക് കാട്ടുപന്നി ഇറച്ചി കൈമാറിയതെന്നാണ് മൊഴി. പന്നിവേട്ടയുണ്ടായ സ്ഥലം, കൈമാറിയ വ്യക്തിയുടെ പശ്ചാത്തലം എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ മുകേഷ് സമാനമായ അഞ്ച് കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെയും പിടികൂടിയ ഇറച്ചിയും വനംവകുപ്പിനു കൈമാറി. സംഘത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വനംവകുപ്പ് അന്വേഷിക്കും. പിടിയിലായവർ സഞ്ചരിച്ചിരുന്ന വാഹനം രാത്രിയിൽ മലമ്പുഴയിലെ വനാതിർത്തിയോടു ചേർന്ന് വിവിധ ഇടങ്ങളിൽ കണ്ടിരുന്നുവെന്ന വിവരവും പൊലീസ് അന്വേഷിക്കും.

കാട്ടുപന്നിയുടെ ഇറച്ചിയുമായി പിടിയിലായ നാലംഗസംഘം