camera

അലനല്ലൂർ: ആശുപത്രിപ്പടിയിൽ പഞ്ചായത്തിന് സമീപം പാതയോരത്ത് ഇനി മാലിന്യം നിക്ഷേപിച്ചാൽ പിടിവീഴും. മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. വാർഡ് മെമ്പർ പി.മുസ്തഫയുടെ ഇടപെടലിനെ തുടർന്നാണ് അലനല്ലൂർ പഞ്ചായത്ത് ഹരിതം സുന്ദരം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞദിവസം കാമറ സ്ഥാപിച്ചത്. കൂടാതെ ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്തെ മാലിന്യം കുഴിയെടുത്ത് മൂടി പരിസരം വൃത്തിയാക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. അലനല്ലൂരിനെ ശുചിത്വ ഗ്രാമമാക്കി മാറ്റാനുള്ള നടപടികളുമായാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്നും പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഹംസ പറഞ്ഞു. വാർഡ് മെമ്പർ പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അബൂബക്കർ, വാർഡ് വികസന സമിതി അംഗങ്ങളായ പി.നജീബ്, എൻ.സുനിൽദാസ് എന്നിവർ പങ്കെടുത്തു.