hot

ഇ​ന്ന​ലെ​ ​ഉ​യ​ർ​ന്ന​ ​ താ​പ​നി​ല​ ​-​35.7
മിനിമം താപനില -24.3

പാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടുന്നു. ഇത്തവണ ജനുവരിയിൽ തന്നെ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് കൂടിയ ചൂട് 37 ഡിഗ്രിവരെ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 35.7 ഡിഗ്രിയായിരുന്നു കൂടിയ താപനില. ജനുവരി ഏഴിനാണ് ചൂട് ആദ്യം 37 ഡിഗ്രിയിലെത്തിയത്. പിന്നീട് 11, 12, 15, 16, 17 തീയതികളിലും 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം ജനുവരി 31നാണ് ആദ്യമായി 37 ഡിഗ്രിയിൽ എത്തിയത്. പിന്നീട് ഫെബ്രുവരി 28ന് 41 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.

നിലവിൽ 35 ഡിഗ്രിക്കു മുകളിലാണ് ജില്ലയിലെ ശരാശരി താപനില. ഈ വർഷം നേരത്തെ ചൂടിന്റെ കാഠിന്യം കൂടിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇതോടെ വരുംമാസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ബുദ്ധിമുട്ടേണ്ടിവരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ചൂട് കൂടുന്നതിനാൽ സൂര്യാഘാതം, വേനൽക്കാലരോഗങ്ങൾ എന്നിവ പിടിപെടാതിരിക്കാൻ ജനങ്ങൾ ജഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

സൂര്യാഘാതം/ താപശരീരശോഷണം ശ്രദ്ധിക്കേണ്ടവ

.ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിയ്ക്കുക, ദാഹം ഇല്ലെങ്കിൽപോലും ഓരോ മണിക്കൂർ കൂടുമ്പോഴും വെള്ളം കുടിയ്ക്കുക.

.ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം എന്നിവ കുടിക്കുക.

.വെയിലത്ത് പണി ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ജോലിസമയം ക്രമീകരിക്കുക.

.കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

.ശക്തമായ വെയിലത്ത് ജോലി ചെയ്യുന്ന അവസരങ്ങളിൽ ഇടയ്ക്കിടെ തണലിലേക്ക് മാറി നിൽക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.

.ചൂട് കൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, അസുഖബാധിതർ എന്നിവർ പുറത്തിറങ്ങാതിരിക്കുക.

.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

.വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.

.ചൂടേറ്റ് ഏതെങ്കിലും തരത്തിൽ അശ്വസ്തതകൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടർറുടെ സഹായം തേടുക.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതേതുടർന്ന് ശരീരത്തിലെ പല പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം.

വേനൽകാലത്ത് ചിക്കൻപോക്സ്, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണംമാത്രം കഴിക്കാൻ ശ്രമിക്കുക.

ജില്ലാ ആരോഗ്യവകുപ്പ്.