thadayana

ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മീറ്റ്നയിലുള്ള തടയണയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്ന കരാറുകാരന് നോട്ടീസ് നൽകുന്നു. മരത്തിനു പകരം ഉരുക്കു നിർമിത ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കാത്തതിനാണ് കരാറുകാരന് നോട്ടീസ് നൽകാൻ ജല അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. കരാർ ഉറപ്പിച്ച് മാസം രണ്ടാകാറായിട്ടും നിർമ്മാണം നടത്താത്തത് കരാർ ലംഘനമായി ചൂണ്ടി കാണിച്ചാണ് നടപടി. തടയണയിൽ 19.50 ലക്ഷം രൂപ ചെലവഴിച്ചാണു ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത്.തടയണയിലെ മരത്തടിയിൽ നിർമ്മിച്ചിട്ടുള്ള 26 ഷട്ടറുകളും മാറ്റുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. 2015ൽ നിർമാണം പൂർത്തിയായ തടയണയിലെ മരത്തിൽ നിർമിച്ച ഷട്ടറുകൾ ദ്രവിച്ചു തുടങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഷട്ടറുകൾ അടച്ചാലും വെള്ളം ചോർന്ന് പോകുന്ന സാഹചര്യമായിരുന്നു.ഇത് മൂലം മണൽച്ചാക്കുകൾ ഇട്ടടച്ചാണ് താത്ക്കാലികമായെങ്കിലും വേനലിൽ വെള്ളം സംഭരിച്ചിരുന്നത്. ഒരു മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് ജലഅതോറിറ്റി നിർദേശം നൽകിയിരുന്നത്. പ്രളയമുണ്ടായപ്പോൾ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കും കൂറ്റൻ മരത്ത ടികളും മറ്റും ഒഴുകിയെത്തിയും തടയണയുടെ ഷട്ടറുകൾ അടക്കുന്ന ഭാഗത്ത് അടിഞ്ഞു കിടന്നതും ഷട്ടറുകളുടെ നാശത്തിനു വഴിയൊരുക്കിയിരുന്നു. നിലവിൽ എല്ലാ വർഷവും വേനൽക്കാലത്ത് ജലസംഭരണത്തിന് വേണ്ടി തടയണ അടയ്ക്കാറുണ്ട്.ഇതിനും മഴ തുടങ്ങിയാൽ തുറക്കാനും ഏറെ പ്രയാസമാണ്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല വിതരണ പദ്ധതികളുടെ പ്രധാന സ്രോതസ്സാണു മീറ്റ്നയിലെ തടയണ.