 രക്ഷാ ദൗത്യത്തിന് കരസേനയും

പാലക്കാട്: ഭക്ഷണവും കുടിവെള്ളവും കിട്ടാതെയും പരിക്കേറ്റും മലമ്പുഴ ചെറാട് എലിച്ചിരം കൂർമ്പാച്ചി മലയിൽ മുന്നൂറടിയോളം താഴ്ചയിൽ തിങ്കളാഴ്ച ഉച്ച മുതൽ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെ കമാൻഡോകളും രംഗത്ത്. ചെറാട് സ്വദേശി റഷീദയുടെ മകൻ ബാബുവാണ് (23) അപകടത്തിൽപ്പെട്ടത്.

ബംഗളൂരുവിൽ നിന്ന് വ്യോമമാർഗം ഊട്ടി സുലൂരിലെത്തിയ സംഘം അവിടെ നിന്ന് റോഡ് മാർഗമാണ് മലമ്പുഴയിലേക്ക് തിരിച്ചത്. രാത്രിതന്നെ രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം.

ചെങ്കുത്തായ മലയിൽ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കോഴിക്കോട്ടുള്ള സേനയുടെ പർവതാരോഹക സംഘത്തിന്റെ സേവനവും സംസ്ഥാന സർക്കാർ തേടി. ചെങ്കുത്തായ മലമുകളിൽ നിന്ന് താഴേക്കിറങ്ങി രക്ഷിക്കാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.

റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ, ചെങ്കുത്തായ മലയിൽ മുകൾ ഭാഗത്തായി റോപ്പ് കെട്ടാനുള്ള വലിയമരങ്ങൾ ഇല്ലായിരുന്നു. ഇതോടെ താഴേക്ക് ഇറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചു.

ഇന്നലെ ഉച്ചയോടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം മലയുടെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിറുത്താനോ കഴിയാത്തതിനാൽ മടങ്ങിപ്പോയി. രാത്രി വൈകിയതോടെ ഇന്നലെത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങൾ മലമുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് ഹെലികോപ്റ്റർ എത്തുന്നതിന് മുമ്പ് യുവാവിന്റെ ശബ്ദം കേട്ടതായി മലമുകളിലെ എൻ.ഡി.ആർ.എഫ് സംഘങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ കര,വ്യോമ, നാവിക സേനകളുടെ സഹായം തേടിയിരുന്നു.

 ഭക്ഷണവും വെള്ളവുമില്ലാതെ

ബാബു ഭക്ഷണവും വെള്ളവുമില്ലാതെ ഒന്നര ദിവസം പിന്നിട്ടു. നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ ഡ്രോൺ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഭാരക്കൂടുതൽ കാരണം പരാജയപ്പെട്ടു.

ആപത്ത് സ്വയം അറിയിച്ചു

ബാബുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. സ്വയം ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. വീഴ്ചയിൽ ഇടത് കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും പൊലീസിനും അയയ്ക്കുകയായിരുന്നു.