accident

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുമ്പോഴും പ്രാർത്ഥനയോടെ മലയുടെ അടിവാരത്ത് കാത്തിരിക്കുകയാണ് ഉമ്മ റഷീദയും ബന്ധുക്കളും.

റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ, ചെങ്കുത്തായ മലയിൽ മുകൾ ഭാഗത്തായി റോപ്പ് കെട്ടാനുള്ള വലിയമരങ്ങൾ ഇല്ലായിരുന്നു. ഇതോടെ താഴേക്ക് ഇറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചു. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു അടുത്ത നീക്കം. കളക്ടർ ഇടപെട്ട് അതിനുവേണ്ട നടപടികളും വേഗത്തിലാക്കിയതോടെ ഉച്ചയോടെ ഹെലികോപ്റ്റർ എത്തി. എന്നാൽ, ബാബു കുടുങ്ങിക്കിടക്കുന്ന മലമുകളിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാലും വായുവിൽ നിലയുറപ്പിക്കാൻ കഴിയാത്തതിനാലും നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സംഘം മടങ്ങി. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ അനിശ്ചിതത്വത്തിലായി.

ബാബുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഭയപ്പെടാനില്ലെന്നു കളക്ടർ ഉറപ്പുനൽകുമ്പോഴും ഇത്രയും സമയം ജലപാനമില്ലാതെ കഴിച്ചുകൂട്ടിയതിനാൽ അതീവ ക്ഷീണിതനാകാനുള്ള സാദ്ധ്യതയുണ്ട്. ഇനിയും വൈകിയാൽ ബോധരഹിതനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് രക്ഷാദൗത്യത്തിലുള്ളവർ പറയുന്നു. രക്ഷാദൗത്യത്തിനായി മലമ്പുഴയിലെ ആദിവാസികളെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തുള്ള മലകളും ഭൂപ്രകൃതിയും കൃത്യമായി അറിയാവുന്ന ഇവർക്ക് രക്ഷാദൗത്യത്തിൽ കാര്യമായി സഹായിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ വാദം.

 ഭക്ഷണം എത്തിച്ച് നൽകണം

തിങ്കളാഴ്ച രാവിലെ പത്രവിതരണം കഴിഞ്ഞെത്തിയ ബാബു സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് പോയി. മലയിലേക്കാണ് പോയതെന്ന് അറിയില്ലായിരുന്നുവെന്ന് മാതാവ് റഷീദ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചയ്ത്ത് മൂന്നുമണിയോടെ തന്റെ സഹോദരനാണ് ഫോണിൽ വിളിച്ച് ബാബു മലയിടുക്കിൽ കുടുങ്ങിയ വിവരം അറിയിച്ചത്. കഴിഞ്ഞ ഒന്നര ദിവസമായി മകൻ വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുകയാണ്.അടിയന്തരമായി ഭക്ഷണം എത്തിക്കാനുള്ള നടപടിയുണ്ടാകണം. മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ മൃൺമയി ജോഷി എന്നിവർ സംസാരിച്ചെന്ന് റഷീദ പറഞ്ഞു.