
രാജ്യത്ത് വിവരസാങ്കേതികവിദ്യയിൽ അനുദിനം ഒട്ടനവധി പുരോഗതികൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും നിലവിൽ പത്ത് ശതമാനത്തിൽ താഴെ സർക്കാർ ഓഫീസുകൾ മാത്രമേ സ്റ്റേറ്റ് നെറ്റ് വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്റ്റിക്കൽ ഫൈബർ അതിലും കുറവ് ശതമാനം മാത്രമാണുള്ളത്. സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളും ഹൈസ്‌പീഡ് ബ്രോഡ് ബാൻഡിലേക്ക് ഇപ്പോഴും മാറിയിട്ടില്ല. കേരളത്തിന്റെ വികസനത്തിന് സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇൻഫ്രാസ്ട്രക്ചർ അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവും ആക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കെ -ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്) പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ - ഫോൺ 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജില്ലയിൽ ആരംഭിച്ച പ്രവർത്തനം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. നിലവിൽ 438 സർക്കാർ സ്ഥാപനത്തിൽ കെ - ഫോൺ സ്ഥാപിച്ച് ഇന്റർനെറ്റ് ഉപയോഗം ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ 2022 ജൂണിൽ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് അധികൃതർ പറഞ്ഞു. ആദ്യഘട്ടമെന്ന നിലവിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനങ്ങളിൽ ചെറിയ രീതിയിലുള്ള നെറ്റ് വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ക്രമേണ അത് പൂർണതോതിൽ പ്രവർത്തനക്ഷമമാകും. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ഇന്റർനെറ്റ് ലഭിക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്.
ജില്ലയിൽ ആകെ സ്ഥാപിക്കുന്നത്
2108 സർക്കാർ സ്ഥാപനങ്ങൾ
കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡും കെ.എസ്.ഇ.ബിയും സംയോജിച്ചാണ് കെ- ഫോൺ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ ആകെ 2108 സർക്കാർ സ്ഥാപനങ്ങളിലാണ് കെ- ഫോൺ സ്ഥാപിക്കുക. നിലവിൽ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലി 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. ഇതിൽ 273 കിലോ മീറ്ററിൽ 228 കിലോമീറ്റർ പൂർത്തിയായി. കൂടാതെ കെ.എസ്.ഇ.ബി തൂണുകളിലൂടെ കെ ഫോണിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി 40 ശതമാനം പൂർത്തിയായി. ഇതിൽ 2,422 കിലോമീറ്ററിൽ 1111 കിലോമീറ്ററും പൂർത്തിയായി. മേൽപ്പാലങ്ങൾ, റെയിൽപ്പാളങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ വയറുകൾ വലിക്കാനുള്ള തടസങ്ങളാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന വലിയ പ്രതിസന്ധി. ഇത്തരം തടസങ്ങൾ സമയബന്ധിതമായി നീക്കിയതോടെയാണ് പദ്ധതി അതിവേഗത്തിൽ മുന്നേറുന്നത്. വൈദ്യുതി കാലുകളിലൂടെ വലിക്കുന്ന കേബിളുകളിൽ സ്ട്രീറ്റ് ബോക്സുകൾ (പോയിന്റ് ഓഫ് പ്രസൻസ്) ഘടിപ്പിച്ചാണ് കണക്‌ഷൻ നൽകുന്നത്. ജില്ലയിൽ 39 ബോക്സുകൾ സ്ഥാപിക്കേണ്ടവയിൽ 20 എണ്ണത്തിന്റെ ജോലികൾ പൂർത്തിയായി. ഇതോടെ ഇവയുടെ പ്രവർത്തനവും 51.3 ശതമാനം പൂർത്തിയായി.
ജില്ലയിലെ കേബിൾ ശൃംഖലയിലെ
പ്രധാന കേന്ദ്രം (കോർ പോപ്) പറളിയിൽ
കാക്കനാട് ഇൻഫോ പാർക്കിലാണ് സംസ്ഥാനത്തെ കെ - ഫോൺ ശൃംഖലയുടെ നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ (എൻ.ഒ.സി). ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാനകേന്ദ്രം (കോർ പോപ്) പറളിയിലാണ്. ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണംപുള്ളി, വടക്കഞ്ചേരി, ചിറ്റടി തുടങ്ങിയ ഉപകേന്ദ്രങ്ങൾ വഴിയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് കേബിൾ ശൃംഖല എത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയ സെന്ററുകൾക്കും സ്‌കൂളുകൾക്കും കണക്‌ഷൻ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കെ- ഫോൺ പ്രൊജക്ട് ഹെഡ് മോസസ് രാജകുമാർ പറഞ്ഞു.
പദ്ധതിയുടെ നേട്ടങ്ങൾ
എല്ലാ സർവീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടന്റ് സർവീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചർ സംസ്ഥാനത്ത് നിലവിൽ വരും. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ്/ ഇൻട്രാനെറ്റ് ലഭ്യമാകും. 30000ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി സർക്കാർ സേവനങ്ങളായ ഇ- ഹെൽത്ത്, ഇ- എഡ്യൂക്കേഷൻ മറ്റ് ഇ- സർവീസുകൾക്ക് കൂടുതൽ ബാന്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെ- ഫോൺ പദ്ധതി സഹായിക്കും. 10 എം.ബി.പി.എസ് തൊട്ട് 1 ജി.ബി.പി.എസ് വേഗതയിൽ നെറ്റ് വർക്ക് കണക്‌ഷൻ ലഭ്യമാകും. ആർട്ടിഫിഷൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ -ഫോൺ സൗകര്യമൊരുക്കും. പദ്ധതി പൂർണ്ണമാകുന്നതോടെ ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങൾക്ക് ഇ- കോമേഴ്സ് വഴി വില്പന നടത്താം.
ഇന്റർനെറ്റ് അടിസ്ഥാന
അവകാശം എന്ന നയം
ഇന്റർനെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റർമാരെയാണ് ആശ്രയിച്ചാണിരിക്കുന്നത്. ഇത് പ്രധാനമായും നഗരപ്രദേശങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും നെറ്റ് വർക്ക് ഇൻസ്‌പെക്ടർ വളരെ പരിമിതമാണ്. ഇതുമൂലം കൊവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ ആക്കിയതോടെ ഗ്രാമപ്രദേശങ്ങളിലെയും മലയോരമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വന്നത്. പഠനത്തിനുള്ള മൊബൈൽ ഫോൺ, ലാപ് എന്നീ സൗകര്യങ്ങൾ ഉണ്ടെങ്കിൽപ്പോലും നെറ്റ് വർക്കിന്റെ വേഗതക്കുറവ് കാരണം പല വിദ്യാർത്ഥികൾക്കും ക്ലാസുകൾ നഷ്ടമാകുന്ന അവസ്ഥയായിരുന്നു. നിലവിൽ സ്കൂളുകൾ തുറന്നെങ്കിലും ഓൺലൈൻ പഠനം തുടരുന്ന വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ പ്രശ്നം അഭിമുഖീകരിക്കുന്ന നിരവധിപേരുണ്ട്. കെ - ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ പ്രതീക്ഷ. കൂടാതെ കെ - ഫോൺ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്റർനെറ്റ് നൽകാൻ സാധിക്കും. അതിലൂടെ ഇന്റർനെറ്റ് അടിസ്ഥാന അവകാശം എന്ന കേരള സർക്കാർ നയം പ്രാവർത്തികമാക്കാനും സാധിക്കും.