40 മിനിട്ടിൽ സെെന്യദൗത്യം
പാലക്കാട്: സാഹസികയാത്രയ്ക്കിടയിൽ കാൽവഴുതി ചെങ്കുത്തായ മലയിടുക്കിൽ രണ്ടു ദിവസമായി കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷിച്ച് മലമുകളിലെത്തിച്ച സംഭവം ഇന്ത്യൻ കരസേനയ്ക്കും ഒപ്പം പ്രവർത്തിച്ച മറ്റ് സേനകൾക്കും ആത്മാഭിമാനത്തിന്റെ പൊൻതൂവലായി. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഇന്നലെ രാവിലെ 10.20നാണ് മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു(23)വിനെ സൈന്യം രക്ഷപ്പെടുത്തിയത്. അതിദുഷ്‌കരമായ ദൗത്യം സേന പൂർത്തിയാക്കിയതോടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ധീരയോദ്ധാക്കൾ അർപ്പിച്ച ആത്മാഭിമാനത്തിന്റെ കരസ്പർശമായി അതു മാറി. ഇന്ത്യൻ സേനയ്ക്ക് അസാദ്ധ്യമായതൊന്നുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു രക്ഷാപ്രവർത്തനം. ബാബുവിന്റെ രക്ഷയ്ക്കായി മാതാപിതാക്കൾ ഉൾപ്പെടെയുള്ള മലയാളികൾ നെഞ്ചിടിപ്പോടെ കാത്തുനിന്ന 46 മണിക്കൂറുകൾക്കാണ് ഇതോടെ ശമനമായത്.
സൈന്യവും ദുരന്തപ്രതികരണ സേനയും എവറസ്റ്റ് കിഴടക്കിയവരും പർവതാരോഹകരും ഉൾപ്പെടെയുള്ള വലിയ സംഘമാണ് ഒരു ജീവനായി കൈകോർത്തത്. മലകയറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സംഘത്തിലെ ബാലു എന്ന സൈനികൻ റോപ്പിലൂടെ താഴേക്ക് ഇറങ്ങിയാണ് യുവാവിനെ സ്വന്തം ശരീരവുമായി ബന്ധിച്ച് മലകയറി എത്തിയത്. സൈനികൻ ബാബുവിനെയും ചുമന്ന് മലമുകളിലെത്തിയതോടെ നാടെങ്ങും ജയ് വിളികൾ മുഴങ്ങി. ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ സംസ്ഥാന സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടിടത്താണ് 40 മിനിട്ടുകൊണ്ട് കരസേനായോദ്ധാക്കൾ ദൗത്യം പൂർത്തിയാക്കിയത്. ചെങ്കുത്തായ മലയിൽ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ബാലു, ബാബുവിനു വെള്ളം നൽകിയശേഷമാണ് സുരക്ഷാ ജാക്കറ്റ് അണിയിച്ച് സ്വന്തം ശരീരത്തോട് ബന്ധിച്ചത്. മൂന്നു റോപ്പുകൾ ഇതിനായി സൈന്യം പല ദിശയിൽ നിന്നായി ഘടിച്ചിരുന്നു.
രക്ഷാദൗത്യം വിജയിച്ചതിനു പിന്നിൽ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും പ്രധാനമായിരുന്നു. 37 ഡിഗ്രിയിൽ തിളയ്ക്കുന്ന രണ്ടു പകൽ, ശക്തമായ ചൂടുകാറ്റ്, തണുത്തുമരവിച്ച രാത്രി.അതിനെയെല്ലാം അതിജീവിച്ച് ജലപാനമില്ലാതെ ചെങ്കുത്തായ മലയിടുക്കിൽ രണ്ടു ദിവസത്തോളമാണ് ബാബു കഴിച്ചുകൂട്ടിയത്.
ആരോഗ്യനില തൃപ്തികരം
ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയും സഹോദരനും ഉൾപ്പെടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞു. നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
ദൗത്യം ഇങ്ങനെ
ചൊവ്വാഴ്ച രാത്രി 10.30ന് കരസൈന്യസംഘം കൂർമ്പാച്ചി മലയുടെ അടിവാരത്തിലെത്തി
11.15ന് - കേണൽ ഹേമന്ദ് രാജ് ഉൾപ്പെടെ ഏഴംഗ സൈനികരും എൻ.ഡി.ആർ.എഫ് സംഘവും മല കയറി.
ഇന്നലെ പുലർച്ചെ 2.15ന് - മലമുകളിലെത്തിയ സംഘം എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചു.
2.50 ന് - റോപ്പിലൂടെ 150 മീറ്ററോളം താഴേക്കിറങ്ങി യുവാവിനോട് സംസാരിച്ചു. അവിടെനിന്ന് 250 മീറ്റർ താഴെയുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി
പുലർച്ചെ 5ന് രണ്ടാമത്തെ സംഘം മലകയറ്റം ആരംഭിച്ചു. മലയുടെ പകുതിയെത്തി നിലയുറപ്പിച്ചു.
6:20ന് - മലമുകളിലെ കരസേനയും എൻ.ഡി.ആർ.എഫും അടങ്ങുന്ന സംഘം മലയുടെ ഘടന മനസിലാക്കാനും ബാബുവിനെ ലൊക്കേറ്റ് ചെയ്യാനുമായി ഡ്രോൺ പറത്തി
9.20ന് മലമുകളിലുള്ള കരസേനാസംഘത്തിലെ സൈനികൻ ബാലു, ബാബു ഇരിക്കുന്നതിന് സമാന്തരമായി ഘടിപ്പിച്ച റോപ്പിലൂടെ അരികിലെത്തി
9.40ന് ബാബുവിന് വെള്ളവും ലഘുഭക്ഷണവും നല്കിയശേഷം സ്വന്തം ശരീരവുമായി ബാബുവിനെ ബന്ധിപ്പിച്ചു. തുടർന്നാണ് മുകളിലേക്ക് കയറിയത്.
10.20ന് ബാബുവിനെ ബാലു മലയുടെ മുകളിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി.
12.10ന് ഹെലികോപ്റ്ററെത്തി കഞ്ചിക്കോട് ബെമലിലെ ഹെലിപ്പാടിലെത്തിച്ചു. തുടർന്ന് റോഡ് മാർഗ്ഗം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു.