operation-palakkad

പാലക്കാട് : ഒരു നാടിന്റെയാകെ, 46 മണിക്കൂർ നീണ്ട പ്രാർത്ഥനയാണ് ഹേമന്ദ്‌ രാജിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം സഫലമാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ചൊവ്വാഴ്ച രാത്രിയാണ് സൂലൂരിലും, ബാംഗ്ലൂരിലും നിന്ന് കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണൽ ഹേമന്ദ്‌ രാജിന്റെ നേതൃത്വത്തിൽ ഒമ്പതു പേരടങ്ങിയ സംഘമാണ് സൂലൂരിൽ നിന്നെത്തിയത്. നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി അവർ മലകയറി. പിന്നെ,കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യം.

തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ ദൗത്യ സംഘത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു. ചൊവ്വ രാത്രി മലയടിവാരത്തെത്തിയ സൈന്യം ഉടനെ രക്ഷാദൗത്യം ആരംഭിച്ചു. മൂടൽമഞ്ഞ് വില്ലനായതോടെ ഒരു സംഘം മലയുടെ മുകളിലും മറ്റൊരു സംഘം താഴെയുമായി തമ്പടിച്ചു. പുലർച്ചെയോടെ ദൗത്യം പുനരാരംഭിച്ചു. മലമുകളിൽ നിന്ന് ബാബുവിന്റെ ഇരുവശത്തേക്കുമായി രണ്ട് സൈനികർ പാറ ഡ്രിൽ ചെയ്ത് റോപ് കെട്ടിയിറങ്ങി. ഇവർ ബാബുവുമായി ആദ്യഘട്ട ആശയവിനിമയം നടത്തി.

. മലയിടുക്കിനെയും തടസങ്ങളെയും മനസിലാക്കാൻ അതിരാവിലെ 6.20ഓടെ ഡ്രോൺ പറത്തി നോക്കി. ബംഗളൂരുവിൽ നിന്നെത്തിയ ബാലുവെന്ന സൈനികനാണ് റോപ്പ് മാർഗം ആദ്യം ബാബുവിന് അരികിലെത്തിയത്. അദ്ദേഹം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് റോപ്പിനോടും തന്നോടുമൊപ്പം ചേർത്തുകെട്ടിയതോടെ, മുകളിലെ സൈനിക സംഘം റോപ് മുകളിലേക്ക് വലിക്കാൻ തുടങ്ങി. സഹായത്തിന് മറ്റൊരു സൈനികനും താഴേക്ക് എത്തിയിരുന്നു. 400 മീറ്ററോളം മുകളിലാണ് ബാബുവിനെ വലിച്ചു കയറ്റേണ്ടിയിരുന്നത്. ബാബു ഇരുന്നതിന് 800 മീറ്റർ താഴെയാണു മലയടിവാരം. 9.40ഓടെ ആരംഭിച്ച ദൗത്യം 40 മിനിട്ടിൽ പൂർത്തിയായി.

ഫെബ്രുവരി ഏഴിനു രാവിലെ മലയിലേക്കു കയറിയ ബാബു തിരിച്ചിറങ്ങുന്ന വഴിയാണു ചെങ്കുത്തായ മലയിടുക്കിൽപ്പെട്ടത്. തിരിച്ചു മലമുകളിലേക്കു കയറാനോ, താഴേയ്ക്കിറങ്ങാനോ കഴിയാതെ വന്നതോടെ അവിടെത്തന്നെ ഇരുന്ന ശേഷം. അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. ഉമ്മ റഷീദ നാട്ടുകാർ പറഞ്ഞാണു വിവരം അറിഞ്ഞത്.
അഗ്നിരക്ഷാ സേനയുടെ ആദ്യ സംഘത്തിനൊപ്പം വഴി കാട്ടിയായി വനംവകുപ്പ് ഉദ്യോഗസ്ഥരും മലകയറി. അരക്കിലോമീറ്ററിലധികം ദൂരെ നിന്ന് ഇവർ ബാബുവുമായി സംസാരിച്ച് ഇരിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. ചൊവ്വാഴ്ച രാവിലെ അഗ്നിരക്ഷാ സേന, പൊലീസ്, ഫോറസ്റ്റ് അധികൃതർ നേരിട്ടെത്തി നേതൃത്വം നൽകി.

സൈന്യത്തെ വിളിക്കുന്നതിൽ കാലതാമസം വന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തെ വിളിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃത്യതയോടെയാണ് സർക്കാർ ഇടപെട്ടത്. ആദ്യം ശ്രമിച്ച ഏജൻസികൾക്ക് വിജയകരമായി രക്ഷാദൗത്യം പൂർത്തിയാക്കാനാവാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ ഘട്ടത്തിൽ തന്നെ കരസേനയോട് സഹായം അഭ്യർത്ഥിച്ചു. അവർ ഫലപ്രദമായി ഇടപെട്ടു. ഒരു തരത്തിലുള്ല കാലതാമസവും ഉണ്ടായിട്ടില്ല. ഇത്തരമൊരു ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. ഇത്തരം കാര്യങ്ങളുടെ നല്ല വശമല്ല ചിലർ കാണുന്നത്. എങ്ങനെയും മോശമായി ചിത്രീകരിക്കാൻ താത്പര്യമുള്ള ഒരു വിഭാഗം കേരളത്തിലുണ്ട്. നിർഭാഗ്യവശാൽ ആ മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിനുമുള്ളത്. അതിന്റെ ഭാഗമായാണ് സൈന്യത്തെ വിളിക്കാൻ വൈകിയെന്ന അഭിപ്രായ പ്രകടനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം തിങ്കളാഴ്ച തിങ്കളാഴ്ച പകൽ 12.30ഓടെയാണ് അപകടം. ബാബു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് ചെങ്കുത്തായ ചെറാട് കൂർമ്പാച്ചി മലകയറിയത്. ക്ഷീണം തോന്നിയ സുഹൃത്തുക്കൾ മലകയറ്റം പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറങ്ങിയെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിലേക്കു കയറുകയായിരുന്നു. മലമുകളിൽ കയറിയശേഷം ഫോണിൽ വീഡിയോ ചിത്രീകരിച്ചശേഷം തിരിച്ച് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് മലയിടുക്കിൽ കുടുങ്ങിയത്. ഇടതു കാലിനും കൈകൾക്കും പരിക്കേറ്റു. ബാബു തന്നെയാണ് താൻ കുടുങ്ങിയ വിവരം സുഹൃത്തുക്കളെയും പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരെയും ഫോണിൽ അറിയിച്ചത്. സുഹൃത്തുക്കളെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസും അഗ്നിശമനസേനയും വനംവകുപ്പും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണ സേനയ്ക്കും രക്ഷാപ്രവർത്തനം സാദ്ധ്യമാകാതെ വന്നതോടെയാണ് സൈന്യത്തിന്റെ സഹായം തേടിയത്. എല്ലാവർക്കും നന്ദി: ബാബുവിന്റെ ഉമ്മ പാലക്കാട്: പ്രാർത്ഥനകൾ ഫലംകണ്ടു, ബാബുവിനെ സൈന്യം രക്ഷിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. വലിയ ആശ്വാസവും സന്തോഷമുണ്ടെന്നും ഉമ്മ റഷീദ. കഴിഞ്ഞദിവസം രാത്രിയോടെ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നു. മകനെ ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈന്യം, പൊലീസ്, പത്രപ്രവർത്തകർ... ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എം.എൽ.എ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലുള്ള തെറ്റുകൾ ആരും ആവർത്തിക്കരുത്. തന്റെ മകൻ തെറ്റ് ചെയ്തു, അതിൽ കുറ്റബോധമുണ്ടെന്നും റഷീദ പറഞ്ഞു.