covid

പട്ടാമ്പി: സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും സുരക്ഷാ സാമഗ്രികൾക്കും വിലകുറച്ചു കൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പ്രതികരണവുമായി വ്യാപാരികൾ. നിത്യോപയോഗക്കാരായ സാധാരണക്കാർക്ക് വിലകുറച്ചതിൽ ആശ്വസിക്കാൻ വകയുണ്ടെങ്കിലും ഗുണമേന്മയുള്ള ഉപകരണങ്ങൾ അതിനനുസരിച്ച് വിലകൊടുത്തു വാങ്ങി വിപണനം നടത്തുന്ന വ്യാപാരികൾക്ക് തീരുമാനം കടുത്ത പ്രതിസന്ധിയാണ് തീർക്കുക. ഇതോടെ പുതിയ മാനദണ്ഡം അനുസരിച്ച് പല സാമഗ്രികളും വാങ്ങിയ വിലയുടെ പകുതി പൈസപോലും കിട്ടാതെ വിൽക്കേണ്ടിവരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

പുതിയ വില നിയന്ത്രണം ഗുണനിലവാരമുള്ള ഉല്പന്നങ്ങളുടെ വിപണി നഷ്ടപ്പെടുത്തുകയും നിലവിൽ അത്തരം ഉല്പന്നങ്ങൾ സ്റ്റോക്ക് ചെയ്ത കച്ചവടക്കാർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നതും നിർണ്ണായകമാണ്. കൊവിഡ് തീർത്ത പ്രതിസന്ധികളിൽ നിന്ന് വ്യാപാരികൾ കരകയറുന്നതിനുമുമ്പ് ഇത്തരത്തിലുള്ള പെട്ടന്നുള്ള പ്രഖ്യാപനങ്ങൾ സാരമായി ബാധിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. പ്രായോഗികമായ പരിഹാരങ്ങളും മുന്നറിയിപ്പ് സഹിതമുള്ള ഘട്ടംഘട്ടമായുള്ള തീരുമാനങ്ങളുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. എല്ലാ വ്യാപാരവ്യവസായ മേഖലകളുടെയും വിലക്കയറ്റത്തിനു കാരണമായ ഇന്ധന, പാചക വാതക വില വർദ്ധനവ് അനിയന്ത്രിതമായി മുന്നോട്ടുപോകുമ്പോൾ പ്രഥമപരിഗണന നൽകി എല്ലാ മേഖലകളെയും രക്ഷപ്പെടുത്താനാണ് ബന്ധപ്പെട്ട അധികൃതർ ശ്രമിക്കേണ്ടതെന്ന് വ്യാപാരികൾ പറഞ്ഞു.

വിലയിൽ വരുന്ന മാറ്റങ്ങൾ
പുതുക്കിയ വില നിയന്ത്രണം നിലവിൽ വരുന്നതോടുകൂടി 200 മുതൽ 300 രൂപ വരെ മൊത്തവ്യാപാര വിപണിയിൽ വില വരുന്ന 330 രൂപയ്ക്ക് ചില്ലറ വില്പന നടത്തുന്ന പി.പി കിറ്റ് പുതിയ മാനദണ്ഡമനുസരിച്ച് 150 രൂപയ്ക്ക് വിൽക്കേണ്ടി വരും. എൻ 95 ക്വാളിറ്റി ബ്രാൻഡ് മാസ്‌ക്കുകൾ 25 മുതൽ 40 രൂപ വരെ വിലയുണ്ട്. അത് 15 രൂപയ്ക്ക് കൊടുക്കേണ്ടി വരുന്നു. ആന്റിജൻ ടെസ്റ്റിന് ഉപയോഗിക്കുന്ന കിറ്റിന് 175 രൂപ മുതൽ 275 രൂപയോളമാണ് നിലവിലെ മൊത്തവില. എന്നാൽ അത് ഇനി വെറും 100 രൂപയ്ക്ക് കൊടക്കേണ്ടി വരും.

പെട്ടെന്നുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ വ്യാപാരി ഉപഭോക്തൃ ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടാക്കും.

ടി.വി.എം.റഷീദ് പട്ടാമ്പി,

സെക്രട്ടറി, മെഡി ഹെൽപ്പ് അസോ. പട്ടാമ്പി.