
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ കോരപുട്ട് സ്വദേശികളായ നരേന്ദ്ര നായക് (35), മഹാദേവ് ബത്ര (35) എന്നിവരെയാണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും ചേർന്നുള്ള സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് ധൻബാദ് എക്സ്പ്രസിൽ എത്തിയ ഇരുവരും മൂന്നാം നമ്പർ പ്ലാറ്റ് ഫോമിലെ വിശ്രമ മുറിയിൽ ഇരിക്കുമ്പോഴാണ് പരിശോധന നടത്തി പിടികൂടിയത്.
പൊതുവിപണിയിൽ നാല് ലക്ഷം രൂപ വിലവരുന്നതാണ് കഞ്ചാവ്. ഒഡീഷയിൽ നിന്ന് കൊല്ലത്തേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. പാലക്കാട് ജംഗ്ഷനിൽ നിന്ന് കേരള എക്സ്പ്രസിൽ കയറി കൊല്ലത്തേക്ക് പോകാനായിരുന്നു ശ്രമം. പാലക്കാട് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ്, ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ശ്രീനിവാസൻ, ആർ.പി.എഫ് എ.പി.ദീപക്, എ.എസ്.ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ വി.സവിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.സി.സജീവ്, കെ.മധു, എ.രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.