
പാലക്കാട്: നാല് കൂട്ടുകാർ നടത്തിയ പതിവ് ട്രെക്കിംഗാണ് കേരളം കണ്ട ഏറ്റവും ദീർഘമായ രക്ഷാപ്രവർത്തനത്തിലേക്ക് നീണ്ടത്. രക്ഷാദൗത്യത്തിനൊടുവിൽ ബാബുവെന്ന 23കാരൻ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ 46 മണിക്കൂർ കേരളം മുൾമുനയിലായിരുന്നു. കണ്ണിമചിമ്മാതെ പ്രാർത്ഥനയോടെ ഒരുനാടുമുഴുവൻ ചെറാട് കൂർമ്പാച്ചി മലയടിവാരത്തുണ്ടായിരുന്നു.
മലമ്പുഴയിൽ നിന്നും അകത്തേത്തറയിൽ നിന്നും കൂർമ്പാച്ചി മലമുകളിൽ എത്താം. മലമുകളിൽ ആദിവാസികളുടെ പ്രതിഷ്ഠയുണ്ട്. വർഷത്തിൽ ഒരിക്കൽ ഇവിടെ വിശേഷ പൂജ നടക്കുമ്പോൾ മാത്രമാണ് ആളുകൾ ഇവിടെഎത്താറുള്ളത്. തിങ്കളാഴ്ച രാവിലെ 10നാണ് മൂന്ന് കൂട്ടുകാരുമൊത്ത് ബാബു കൂർമ്പാച്ചി മലകയറാൻ ആരംഭിച്ചത്. 1200 മീറ്റർ ഉയരമുള്ള മലയുടെ 300 മീറ്റർ എത്തിയപ്പോൾ തന്നെ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ക്ഷീണിച്ചു. തുടർന്ന് കൂട്ടുകാർ മൂന്നുപേർ താഴെയിറങ്ങി. പക്ഷേ, ബാബു അതിസാഹസികമായ മലകയറ്റം തുടർന്നു. അതിദുർഘടമായ വനമേഖലയിലൂടെയായിരുന്നു യാത്ര. ഒരാൾപൊക്കത്തിൽ ഉണങ്ങിയ പുല്ലുകളുള്ള വനമേഖലയിൽ വന്യമൃഗ ശല്യവും രൂക്ഷമാണ്. ആന, പുലി, മാൻ, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഉച്ചയ്ക്ക് 12.15ഓടെ തന്നെ മലമുകളിലെത്തിയ ബാബു തന്റെ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചിരുന്നു. ശേഷം താഴെയിറങ്ങുമ്പോഴാണ് കാലുവഴുതി വീണത്. 400 മീറ്റർ താഴെയുള്ള മലയിടുക്കിൽ കുടുങ്ങുകയായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റതോടെ ചലിക്കാൻ പറ്റാത്ത അവസ്ഥയായി. സ്ഥിരീകരണത്തിന് ഫോട്ടോയെടുത്ത് അയക്കാനും കഴിഞ്ഞു. രാത്രി മൊബൈൽ ലൈറ്റ് തെളിച്ചും പകൽ വെള്ള ബനിയൻ ഉയർത്തിക്കാണിച്ചും ബാബു ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു. അസാധാരണമായ മനോധൈര്യം കാണിച്ച ബാബു പകൽ സമയത്തെ 38 ഡിഗ്രി ചൂടും രാത്രിയിലെ 20 ഡിഗ്രി തണുപ്പും സഹിച്ചു.
അത്യാധുനിക സംവിധാനങ്ങളും വിദഗ്ധരുടെ സംഘവുമായെത്തിയ സൈന്യം രാത്രി തന്നെ രക്ഷാപ്രവർത്തനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. പകൽ വെളിച്ചമെത്തിയതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബാബു ഇരിക്കുന്ന സ്ഥലം അടയാളപ്പെടുത്തുകയായിരുന്നു ആദ്യ ദൗത്യം. രാജ്യത്തെ ഏറ്റവും മികച്ച പർവതാരോഹരാണ് എത്തിയതെന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. ബാബുവിന്റെ ജീവന് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് സൈനികർ ബന്ധപ്പെട്ടവർക്ക് ഉറപ്പുനൽകി. ആ വാക്ക് പാലിക്കാൻ ദീര സൈനികർക്ക് കഴിയുകയും ചെയ്തു.