jinger

നെന്മാറ: ജില്ലയിൽ ഇഞ്ചി വിളവെടുപ്പ് ആരംഭിച്ചു. ഇഞ്ചി പാകമായി തണ്ട് ഉണങ്ങിയതോടെയാണ് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഇതോടെ വിളവെടുപ്പു നടത്താൻ തമിഴ്നാട്ടിൽ നിന്നുള്ള കരാർത്തൊഴിലാളി സംഘങ്ങളും സജീവമായി. വാരങ്ങളിലെ തണ്ട് മോട്ടോർ ഉപയോഗിച്ചും സ്ത്രീ തൊഴിലാളികളെ കൊണ്ട് വെട്ടിമാറ്റിയും വാരങ്ങൾ വൃത്തിയാക്കിയാണ് പ്രവർത്തനം. പ്രാദേശിക തൊഴിലാളികളി സംഘങ്ങളും വിളവെടുപ്പിൽ സജീവമാണ്. പ്രാദേശിക തൊഴിലാളികൾ ദിവസകൂലി ഇനത്തിലാണ് വിളവെടുത്തു കൊടുക്കുന്നത്. എന്നാൽ ഇത്തവണ പതിവിൽ രീതിയിൽനിന്ന് വിപരീതമായി കരാറടിസ്ഥാനത്തിൽ വിളവെടുക്കുന്നതിന് ഗോവിന്ദാപുരം, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്ന് സ്ത്രീ, പുരുഷന്മാരടങ്ങുന്ന സംഘം ഇഞ്ചി കൃഷിപാടങ്ങളിൽ എത്തിയിരിരിക്കുന്നത്. ഇവരുടെ കരാർപ്രകാരം കിളച്ച ഇഞ്ചി വേരും മണ്ണും കളഞ്ഞ ഒരു ചാക്കിന് 200 രൂപ നിരക്കിലാണ് നൽകുന്നത്. കൃഷി സ്ഥലത്തുതന്നെ താമസിച്ച് വിളവെടുത്ത് നൽകുകയാണ് ഇവരുടെ രീതി.

പച്ച ഇഞ്ചി കിലോ 20 രൂപയിൽ താഴെ

വിളവെടുപ്പ് സജീവമായതോടെ പച്ച ഇഞ്ചി വില 20 രൂപയിൽ താഴെയായി. പച്ച ഇഞ്ചി വാങ്ങി ചുക്കാക്കി മാറ്റുന്ന വ്യാപാരികൾ ഈ വർഷം മേഖലയിൽ സജീവമല്ലാത്തതിനാൽ പച്ച ഇഞ്ചിയായി നേരിട്ട് വിൽക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് കർഷകർ പറയുന്നത്. ഇഞ്ചി വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ കിളച്ച സ്ഥലത്തുതന്നെ ഇഞ്ചി ചുരണ്ടി ഉണക്കി ചുക്കാക്കി മാറ്റുകയാണ് നിലവിൽ മിക്ക കർഷകരും ചെയ്യുന്നത്. ചുക്കാക്കി മാറ്റുന്നതിന് കിളച്ച ഇഞ്ചി തൊലി ചുരണ്ടുന്നതിന് ഒരു ചാക്കിന് 80 രൂപയായി സ്ത്രീ തൊഴിലാളികളുടെ കൂലി വർദ്ധിച്ചിട്ടുണ്ട്. ചുരണ്ടിയ ഇഞ്ചി ദിവസങ്ങളോളം ഉണക്കി മണ്ണ് മാറ്റി കഴുകിയെടുത്ത് വൃത്തിയാക്കിയാൽ മാറ്റിയാലേ വിപണിയിൽ ഉയർന്ന വില ലഭിക്കുകയുള്ളൂ. വിളവെടുപ്പ് സജീവമായതോടെ ചുക്ക് വിലയും 120 രൂപയിലും താഴ്ന്നു തുടങ്ങിയാതായി കർഷകർ പറഞ്ഞു.

തമിഴ്നാട് കരാർ തൊഴിലാളികളുടെ തൊഴിൽ രീതി ഏറെ സഹായകരമാണ്. ഇഞ്ചി കൃഷി നടത്താൻ നെൽപ്പാടം ഏക്കറിന് 40,000 മുതൽ 50,000 രൂപ വരെ പാട്ടം നൽകിയാണ് കൃഷിസ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്നത്. മഴ നീണ്ടു നിന്നതിനാൽ ചെറിയതോതിൽ ഇഞ്ചിക്ക് അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും സാമാന്യം നല്ല വിളവ് ലഭിച്ചിട്ടുണ്ട്. ഏക്കറിന് 200- 275 ചാക്ക് പച്ച ഇഞ്ചി വിളവ് ലഭിക്കും.

പൊന്നുകുട്ടി, ഇഞ്ചി കർഷകൻ.