
പാലക്കാട്: റോഡ് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ പ്രവർത്തനം ശക്തമാക്കി ജില്ലാ എൻഫോഴ്സ് മെന്റ് സ്ക്വാഡ്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി തുടങ്ങിയ ആറ് താലൂക്കുകൾ കേന്ദ്രീകരിച്ച് ഒരോ സ്ക്വാഡ് വീതമാണ് പ്രധാനറോഡുകളിൽ 24 മണിക്കൂർ സേവനവും പരിശോധനയും ശക്തമാക്കിയിരിക്കുന്നത്. പാലക്കാട് താലൂക്കിൽ ടൗൺ കേന്ദ്രീകരിച്ച് മാത്രം ഒരു സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ആകെ ഏഴ് സ്ക്വാഡുകളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്താകെ 14 എൻഫോഴ്സ്‌മെന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെ കീഴിൽ 85 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളാണ് പ്രധാനറോഡുകളിൽ സേവനത്തിനും സഹായത്തിനുമായി നിൽക്കുന്നത്. 65 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 187 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും സ്ക്വാഡിലുണ്ട്.
കൂടുതൽ അപകടം ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ
ജനുവരിയിൽ ജില്ലയിലുണ്ടായ അപകടങ്ങളിൽ ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായിട്ടുള്ളത്. 20 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കുറവ് അഗളി സ്റ്റേഷൻ പരിധിയിലും. ആകെ ഒരു അപകടമാണ് കഴിഞ്ഞമാസം ഇവിടെ ഉണ്ടായത്. ജില്ലയിലാകെ ജനുവരിയിൽ 234 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 27പേർ മരിച്ചു.
ജനുവരിയിൽ ജില്ലയിലെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കണക്ക്
സ്റ്റേഷൻ- അപകടം- മരണം
അഗളി- 01- 0
ആലത്തൂർ- 06-0
ചാലിശ്ശേരി- 04- 0
ചെർപ്പുളശ്ശേരി- 09- 03
ചിറ്റൂർ- 06- 0
ഹേമാംബികനഗർ- 08- 0
കല്ലടിക്കോട്- 06- 02
കസബ- 09- 0
കൊല്ലങ്കോട്- 08- 02
കോങ്ങാട്- 10- 0
കൊപ്പം- 07- 0
കോട്ടായി- 06- 0
കൊഴിഞ്ഞാമ്പാറ- 09- 04
കുഴൽമന്ദം- 07- 01
മലമ്പുഴ- 04- 0
മംഗലംഡാം- 02- 0
മങ്കര- 09- 0
മണ്ണാർക്കാട്- 11- 0
മീനാക്ഷിപുരം- 06- 01
നാട്ടുകൽ- 07- 01
നെന്മാറ- 02- 01
ഒറ്റപ്പാലം- 20- 01
പട്ടാമ്പി- 05- 01
പുതുനഗരം- 04- 01
ഷൊർണൂർ- 11- 01
ശ്രീകൃഷ്ണപുരം- 05- 0
തൃത്താല- 10- 01
ടൗൺ നോർത്ത്- 13- 01
ടൗൺ സൗത്ത്- 10- 02
വടക്കഞ്ചേരി- 13- 02
വാളയാർ- 06- 02
പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾ റോഡ് നിയമങ്ങൾപാലിച്ചു വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം. ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. അപകടസ്ഥലത്ത് സഹായം എത്തിക്കുന്നതിനൊപ്പം റോഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും.
എം.കെ.ജയേഷ് കുമാർ, എൻഫോഴ്സ് മെന്റ് ആർ.ടി.ഒ, പാലക്കാട്.