kottathara-hospital

പാലക്കാട്: ഉദ്ദേശലക്ഷ്യം നിറവേറ്റപ്പെടുന്ന രീതിയിൽ കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഗർഭിണികളായ ആദിവാസി സ്ത്രീകൾക്ക് ആവശ്യമായ ചികിത്സ യഥാസമയം ലഭിക്കുന്നതിനും നവജാത ശിശു മരണങ്ങൾ ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പുവരുത്തണം. അട്ടപ്പാടി സ്വദേശിനി വിദ്യ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗർഭിണിയായ തന്നെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും പരാതിയിൽ പറയുന്നു. വഴിമദ്ധ്യേ ആരോഗ്യനില വഷളാവുകയും ഇതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്നും പരാതിയിൽ പറയുന്നു.

കമ്മിഷൻ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. കോട്ടത്തറ ആശുപത്രിൽ ഒരു ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലും അവർ പ്രസവാവധിയായതിനാൽ പകരം ഗൈനക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൈനക്ക് ഒ.പി യിൽ ദിവസേന 120 രോഗികൾ വരെ എത്താറുണ്ട്. പ്രതിമാസം 50 മുതൽ 60 വരെ പ്രസവം നടക്കാറുണ്ട്. ഇതിൽ 80 ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെയാണ് താരതമ്യേന അടുത്തുള്ള പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്. ഇത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്, പാലക്കാട്, തൃശൂർ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ ദീർഘദൂരയാത്ര വേണ്ടി വരും. പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുന്നത് വഴി മരണം 90 ശതമാനം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടത്തെ ചികിത്സക്കെതിരെ പരാതിയുണ്ടായിട്ടില്ല.

2020 സെപ്തംബർ രണ്ടിനാണ് വിദ്യയെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ആംബുലൻസിൽ ആശുപത്രി ജീവനക്കാരെ ഒപ്പം വിടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെയും അമ്മയുടെയും നില വഷളായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.