
പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിടും. തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബാബു പറഞ്ഞു. രാത്രി നന്നായുറങ്ങി. രാത്രി വീട്ടിൽ നിന്ന് കൊണ്ടുവന്ന ചപ്പാത്തിയും രാവിലെ ദോശയും കഴിച്ചെന്നും ബാബു പറഞ്ഞു.
നിലവിൽ എമർജൻസി കെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് ബാബു. അപകട സമയത്ത് കാലിലുണ്ടായ മുറിവ് ഉണങ്ങി തുടങ്ങി. എക്‌സറെ, സി.ടി സ്‌കാൻ, ബ്രെയിൻ, ചെസ്റ്റ്, രക്ത പരിശോധനകൾ നടത്തിയെങ്കിലും പ്രശ്നമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൃക്ക സംബന്ധമായ പരിശോധനകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടം കല്ലിൽ തട്ടി
മല കയറുന്നതിനിടെ കാല് കല്ലിൽ തട്ടിയാണ് അപടകമുണ്ടായതെന്ന് ആശുപത്രിയിലെത്തിയ ഉമ്മയോട് ബാബു പറഞ്ഞു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ഏറെനേരം പരിശ്രമിച്ച് പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിറുത്തിയെങ്കിലും താൻ ഒറ്റയ്ക്ക് കയറുകയായിരുന്നു. മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് ബുധനാഴ്ച രാവിലെ 10.20ന് രക്ഷിച്ചത്.
ബാബുവിനെതിരെ നടപടി എടുക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിന്റെ ഉമ്മ റഷീദ മന്ത്രിയോട് ഫോണിലൂടെ അപേക്ഷിച്ചു. ഉമ്മയുടെ മാനസികാവസ്ഥ ബോദ്ധ്യപ്പെട്ട മന്ത്രി എ.കെ.ശശീന്ദ്രൻ നടപടി വേണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്ന് ഉമ്മയെ മന്ത്രി അറിയിച്ചു. എന്നാൽ, സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.